പ്രണയത്തിലാഴ്ത്തിയ സിനിമ;പത്മരാജന്റെ തൂവാനത്തുമ്പികള്‍………

പ്രണയത്തിലാഴ്ത്തിയ സിനിമയെതെന്ന് ചോദിച്ചാല്‍ ഒരേ ഉത്തരമേ ഉള്ളു പത്മരാജന്റെ “തൂവാനത്തുമ്പികള്‍ “…പ്രണയത്തെയും രതിയെയും നിര്‍വചിക്കുക പ്രയാസമാണ്. പലര്‍ക്കും ഇവ വേനലാണ്. പലര്‍ക്കും മഴയാണ്, ചിലര്‍ക്ക് ശശിരവും. പ്രണയവും രതിയും മഴയാകുന്നതാണ് നല്ലത്. പെയ്തു തോരുന്ന മഴപോലെയാകണം മനുഷ്യമനസിനെ കീഴടക്കുന്ന ഈ രണ്ടു വികാരങ്ങളും. ഒരു മനുഷ്യനിലെ പ്രണയവും രതിയും പെയ്തു തോര്‍ന്നില്ലെങ്കില്‍ അയാള്‍ പോകുന്നത് ആത്മഹത്യയുടെയും കൊലപാതകത്തിന്റെയും അപഥസഞ്ചാര വഴികളിലൂടെയായിരിക്കും. ഈ വികാരങ്ങള്‍ക്കു വേണ്ടി ജീവിതം എറിഞ്ഞുടച്ചവരുടെ കഥകള്‍ പുരാവൃത്തങ്ങളിലുണ്ട്. സമകാലികമാധ്യമ സെന്‍സേഷണല്‍ സ്‌റ്റോറികളായും തുടര്‍ന്നുകൊണ്ടിരിക്കുന്നു…’ഉദകപ്പോള’ എന്ന നോവലിനെ ആസ്പദമാക്കി മലയാളത്തിന്റെ അനശ്വര സംവിധായകന്‍ പി പത്മരാജന്‍ ഒരുക്കിയ മനോഹര ചിത്രം. മഴയോടൊപ്പം വന്നു പോകുന്ന ക്ലാരയില്‍(സുമലത) തന്റെ പ്രണയത്തെ കാണുന്ന ജയകൃഷ്ണന്‍(മോഹന്‍ലാല്‍).

ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും മനസ്സും ശരീരവും കൈമാറിയ ആ പ്രണയത്തിനിടെ ക്ലാര പറയുന്നുണ്ട് ‘ആദ്യമായിട്ട് മോഹം തോന്നുന്ന ആളെ ജീവിതം മുഴുവന്‍ ഒരുമിച്ച് ഉണ്ടാവുന്നത് ഭാഗ്യമുള്ളോര്‍ക്കെ കിട്ടു’. ഒന്നാകാന്‍ ഒരായിരം വഴികളുണ്ടായിട്ടും വേര്‍പിരിയലിലായിരുന്നു തൂവാനതുമ്പികളിലെ പ്രണയത്തിന് സൗന്ദര്യം. ഇതിനിടെയെത്തുന്ന രാധ(പാര്‍വ്വതി). ക്ലാര പറഞ്ഞതു പോലെ മോഹിച്ചയാളുടേതാകാന്‍ ഭാഗ്യം ലഭിച്ച രാധ. ഒന്നും മറച്ചു വെയ്ക്കാതെയാണ് രാധയെ ജയകൃഷ്ണന്‍ സ്വന്തമാക്കുന്നത്. ഏതു സാഹചര്യത്തിലും ജയകൃഷ്ണനൊപ്പം നില്‍ക്കുന്ന രാധയും യഥാര്‍ത്ഥ പ്രണയത്തിന്റെ മുഖമായി. ക്ലാരയും ജയകൃഷ്ണനും അവരവരുടേതായ കുടുംബ ജീവിതത്തിലേയ്ക്ക് കടക്കുന്നു. അവസാന കണ്ടുമുട്ടലില്‍ പ്രണയത്തിന്റെ മഴ ഇല്ലയെന്നത് പത്മരാജന്‍ മാജിക്. മലയാളത്തിലെ “കള്‍ട്ട് ക്ലാസിക്ക്” എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണിതു. സിനിമയിറങ്ങിയ കാലത്തു ബോക്സോഫീസില്‍ വിജയം നേടിയെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് പത്മരാജന്റെ ഏറ്റവും അധികം ജനപ്രീതി നേടിയ ചിത്രമായി പല ഓണ്‍ലൈന്‍ സര്‍വേകളിലും തിരഞ്ഞെടുക്കപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top