വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കര്‍ശന നിയമങ്ങളുമായി യുജിസി…

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ യുജിസിയുടെ കര്‍ശന നടപടി. പ്രവേശനം റദ്ദാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസ് തിരിച്ചു നല്‍കണമെന്നും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ച് വയ്ക്കരുതെന്നും വ്യക്തമാക്കി യുജിസി വിജ്ഞാപനം പുറത്തിറക്കി. കോഴ്സും സ്ഥാപനവും മാറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ സ്ഥാപനങ്ങളില്‍ നിന്ന് പീഡനങ്ങള്‍ നേരിടുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി വികസന മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. ഇനി പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം സ്വയം സാക്ഷിപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാല്‍ മതി. പ്രവേശനസമയത്ത് ഒത്തു നോക്കിയതിന് ശേഷം സ്ഥാപനങ്ങള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കണം.

ഒരു വര്‍ഷത്തേക്കോ ഒരു സെമസ്റ്ററിലേക്കോ ഉള്ള ഫീസ് മാത്രമേ മുന്‍കൂര്‍ വാങ്ങാവു എന്നും നിര്‍ദേശങ്ങളിലുണ്ട്. യുജിസിക്ക് കീഴിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി പ്രവേശനം, ഫീസ് തുടങ്ങിയവ സംബന്ധിച്ച് പുറത്തിറക്കുന്ന പുതിയ വിജ്ഞാപനത്തിലാണ് ചട്ടങ്ങളുള്ളത്. 2019-2020 അധ്യയന വര്‍ഷം മുതല്‍ യുജിസിക്ക് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാകും. വിദ്യാര്‍ഥികളെ സ്ഥാപനങ്ങളുടെ പ്രോസ്പെക്ടസ് വില കൊടുത്തു വാങ്ങാന്‍ നിര്‍ബന്ധിക്കരുതെന്നും സ്ഥാപനങ്ങളുടെ കോഴ്സ് ഫീസ്, അഫിലിയേഷന്‍, ഭരണ സമിതി, ഫാക്കല്‍ട്ടീസ്, പ്രവേശന വിശദാംശങ്ങള്‍ തുടങ്ങിയവ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പുതിയ വിജ്ഞാപനമനുസരിച്ച് പ്രവേശനത്തിനുള്ള അവസാന തീയതിക്ക് 15 ദിവസമെങ്കിലും മുന്‍പ് വിദ്യാര്‍ഥി പിന്‍വാങ്ങിയാല്‍ വാങ്ങിയ മുഴുവന്‍ ഫീസും സ്ഥാപനം തിരികെ നല്‍കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടച്ച ഫീസിന്റെ അഞ്ച് ശതമാനമോ പരമാവധി 5000 രൂപയോ പ്രോസസിങ്ങ് ഫീസായി ഈടാക്കാം. അവസാന തീയതിക്ക് മുന്‍പുള്ള 15 ദിവസത്തിനുള്ളിലാണ് സമീപിക്കുന്നതെങ്കില്‍ 90 ശതമാനം തുകയും അവസാനതീയതി കഴിഞ്ഞ് 15 ദിവസത്തിനകമാണ് പിന്‍മാറുന്നതെങ്കില്‍ 80 ശതമാനം തുകയും തിരികെ നല്‍കണം. 16 മുതല്‍ 30 ദിവസങ്ങള്‍ വരെയുള്ള കാലയളവിലാണെങ്കില്‍ 50 ശതമാനം തുക വിദ്യാര്‍ഥികള്‍ക്ക് തിരികെ ലഭിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി കഴിഞ്ഞ് 30 ദിവസത്തിനു ശേഷമാണ് പിന്‍മാറുന്നതെങ്കില്‍ അടച്ച ഫീസ് തുക തിരികെ ലഭിക്കില്ല.

എന്നാല്‍ കോഷന്‍ ഡെപ്പോസിറ്റ് സെക്യൂരിറ്റി, ഡെപ്പോസിറ്റ് എന്നിവ ഏതു ഘട്ടത്തിലാണെങ്കിലും തിരികെ നല്‍കണമെന്നും ചട്ടങ്ങളില്‍ പറയുന്നു. നിബന്ധനകള്‍ തെറ്റിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. യുജിസി ഗ്രാന്റുകള്‍ തടയുക, സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുക, പ്രത്യേക പദ്ധതികള്‍ക്കുള്ള സഹായം വിലക്കുക, വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ വെബ് സൈറ്റിലും മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തുക, അഫിലിയേഷന്‍ റദ്ദാക്കാന്‍ സര്‍വകലാശാലകളോട് ശുപാര്‍ശ ചെയ്യുക, കല്‍പിത സര്‍വകലാശാലയാണെങ്കില്‍ ആ പദവി എടുത്തു കളയാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുക തുടങ്ങിയവയാണ് ശിക്ഷാ നടപടികള്‍.

Top