സിനിമാ ഡെസ്‌ക്
ചെന്നൈ: ബ്രഹ്മാണ്ഡ ചിത്രമെന്നും കോടികളുടെ കിലുക്കമെന്നും കൊട്ടിഘോഷിച്ചു പുറത്തിറക്കിയ എസ്.എസ് രാജമൗലിയുടെ ഇന്ത്യൻ സിനിമയിലെ വിസ്മയ ചിത്രമായ ബാഹുബലി രണ്ട് ജാതി വെറി പൂണ്ട ചിത്രമെന്നു വിലയിരുത്തൽ. ചിത്രത്തിലെ നായകൻമാരെല്ലാം വെളുത്തവരായപ്പോൾ, വില്ലൻമാർക്കെല്ലാം കൃത്യമായും കറുത്ത നിറം നൽകിയിരിക്കുന്നു.
ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ നിർണായകമായ എല്ലാ ചേരുവകളും മസാല ചിത്രത്തിനു വേണ്ട രീതിയിൽ രാജമൗലി ബാഹുബലിയിൽ ചേർത്തിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ തന്നെ ജാതിവെറിയുടെ അടയാങ്ങൾ കൃത്യമായി കാണാനുണ്ടായിരുന്നു. ബാഹുബലിയായി എത്തിയ പ്രഭാസിനും, മറ്റു രാജ കുടുംബാംഗങ്ങൾക്കും കൃത്യമായി വെളുത്ത നിറവും, മികച്ച വസ്ത്രവും, നൽകിട്ടുണ്ട്. പ്രഭാസിന്റെ വളർത്തമ്മയ്ക്കും ഒപ്പമുള്ളവർക്കും ഇരുട്ട നിറവും, അടിമയായ കട്ടപ്പയ്ക്കും കൂട്ടർക്കും കറുപ്പിലേയ്ക്കു നീളുന്ന വെളുത്ത നിറവുമാണ് നൽകിയിരിക്കുന്നത്. സിനിമയിലെ ഏറ്റവും വലിയ വില്ലൻമാരായി എത്തുന്നവരെ പൂർണമായും കറുപ്പ് നിറത്തിലേയ്ക്കു മാറ്റിയിരിക്കുന്നു. വില്ലത്തരത്തിന്റെ എല്ലാ ഭാവവും ഉൾക്കൊള്ളുന്നവരാണ് കറുത്തവൻമാരെന്നാണ് ചിത്രം പറയാതെ പറയുന്നത്.
ഇതിനിടെയാണ് രാജമൗലി 2012 ൽ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വീണ്ടും വിവാദമായിരിക്കുന്നത്. ജാതിവ്യവസ്ഥയെ ന്യായീകരിച്ചുകൊണ്ടാണ് രാജമൗലി അന്ന് പോസ്റ്റിട്ടത്. മനുസ്മൃതിയിലെ ജാതിവ്യവസ്ഥ ജന്മം കൊണ്ടു കിട്ടുന്നതല്ലെന്നും അത് ജീവിതരീതികൊണ്ടു ലഭിക്കുന്നതെന്നും പറഞ്ഞുകൊണ്ടുള്ള രാജമൗലിയുടെ പോസ്റ്റാണ് വിവാദമാകുന്നത്.
ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ, ദളിതർ തുടങ്ങിയ ജാതിശ്രേണിയെ ജീവിതരീതിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജാതിവ്യവസ്ഥയെ ന്യായീകരിക്കാനാണ് രാജമൗലി പോസ്റ്റിലൂടെ ശ്രമിക്കുന്നത്.
ജീവിക്കാനായി മറ്റുള്ളവരെ ആശ്രയിക്കുന്നവർ ദളിതരും ആദ്യം സ്വയം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്യുന്നവർ ബ്രാഹ്മണരുമാണെന്നാണ് രാജമൗലിയുടെ വിശദീകരണം.
രൗജമൗലിയുടെ പോസ്റ്റ്:
മനുസ്മൃതിയിലെ ജാതി വ്യവസ്ഥ നമ്മുടെ ജീവിതരീതിയുമായി ബന്ധപ്പെട്ടതാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അല്ലാതെ അത് ജന്മംകൊണ്ട് ലഭിക്കുന്നതല്ല. എനിക്കൊപ്പം ടെന്നിസ് കളിക്കാറുള്ള പ്രസാദ് നല്ലൊരു വിശദീകരണമാണ് ഇതുസംബന്ധിച്ച് നൽകിയത്.
പഞ്ചമജാതി (അസ്പൃശ്യർ) എന്നത് ജീവിതത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നവരാണ് (പരാശ്രയി)
ശൂദ്രർ എന്നത് തനിക്കും കുടുംബത്തിനുവേണ്ടി ജീവിക്കുന്നവർ
വൈശ്യർ എന്നത് സ്വയം ലാഭമുണ്ടാക്കുകയും ഒപ്പം മുതലാളിക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നയാൾ
ക്ഷത്രിയർ എന്നത് തനിക്കു കീഴെയുള്ളവർ ഭക്ഷണം കഴിച്ചശേഷം മാത്രം കഴിക്കുന്നവർ
ബ്രാഹ്മണർ എന്നത് ആദ്യം സ്വയം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്യുന്നവർ
രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രം ബാഹുബലി 2 തിയ്യേറ്ററുകളിൽ എത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പഴയ പോസ്റ്റ് ചർച്ചയായിരിക്കുന്നത്.
രാജമൗലിയുടെ ബാഹുബലിയിൽ കറുത്തവരെ വില്ലന്മാരായും സംസ്‌കാരശൂന്യരായും ചിത്രീകരിച്ചത് അദ്ദേഹത്തിനുള്ളിലെ വംശീയതയെയും ജാതീയതയെയും തുറന്നുകാട്ടുന്നതാണെന്ന് ഓർമ്മിച്ചുകൊണ്ടുള്ളതാണ് ഈ നിലപാടിനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളിൽ ചിലത്.