ഇന്ത്യന്‍ പൈലറ്റിനെ വിട്ടുകിട്ടാന്‍ നീക്കം ശക്തമാക്കി ഇന്ത്യ; വിമാനത്താവളങ്ങള്‍ അടച്ച് യുദ്ധത്തിന് തയ്യാറായി പാകിസ്താന്‍: ലോക രാജ്യങ്ങളുടെ പിന്തുണയോടെ കനത്ത പ്രത്യാക്രമണത്തിന് ഒരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈനികനെ വിട്ടുകിട്ടുന്നതിനുവേണ്ടിയുള്ള നീക്കങ്ങള്‍ ഇന്ത്യ സജീവമാക്കി. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് ഇന്ത്യാ സൈനീകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വരും മണിക്കൂറുകളില്‍ അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുക എന്നത് പ്രവചനാതീതമായിരിക്കുകയാണ്. കാശ്മീരില്‍ നിന്ന് കൂട്ടപാലായനമാണ് നടക്കുന്നത്. പാകിസ്താന്‍ എല്ലാ വിമാനത്താവളങ്ങളും അടച്ചു.

നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ് തുടരുകയാണ്. പൂഞ്ച് മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ആളപായമില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിന് സമാനമാണ് അതിര്‍ത്തി ഗ്രാമങ്ങളിലെ അവസ്ഥ. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. സൈനിക നേതൃത്വവുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. 24 മണിക്കൂറിനിടെ രണ്ടു തവണ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ മോദി, സുരക്ഷാ ക്രമീകരണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി. പാക്കിസ്ഥാന്‍ കസ്റ്റഡിയിലായ വ്യോമസേനാ വിങ് കമാന്‍ഡറെ തിരികെ എത്തിക്കുന്നതിനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയായെന്നാണു സൂചന. ബാലാകോട്ടെ ജയ്ഷെ ഭീകരക്യാംപിനു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിനുശേഷം പൊതു പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുത്ത മോദി, ബുധനാഴ്ച പരിപാടികള്‍ വെട്ടിച്ചുരുക്കി. രാവിലെ സൈനിക, സുരക്ഷാ സന്നദ്ധതയുമായി ബന്ധപ്പെട്ട കൂടിയാലോചനകളോടെ ഔദ്യോഗിക ജോലികള്‍ തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘യൂത്ത് പാര്‍ലമെന്റ്’ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണു പാക്ക് കടന്നുകയറ്റം സംബന്ധിച്ച അടിയന്തര സന്ദേശം പ്രധാനമന്ത്രിക്കു ലഭിച്ചത്. പ്രസംഗം വെട്ടിച്ചുരുക്കി ഓഫിസിലേക്കു മടങ്ങിയ പ്രധാനമന്ത്രി പിന്നീട് തിരക്കുകളിലേക്ക് നീങ്ങി. സര്‍ക്കാരിലെയും കര, നാവിക, വ്യോമ സേനാമേധാവികളുടെയും യോഗത്തിനു നേതൃത്വം നല്‍കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നിരന്തരം ചര്‍ച്ച നടത്തി. ഡോവലും സൈനിക മേധാവികളും വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫിസിനു വിവരങ്ങള്‍ കൈമാറാനെത്തി. അതിശക്തമായ നീക്കങ്ങള്‍ ഇന്ത്യ നടത്തുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന സൂചന.

പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനയിലെ വിങ്കമാന്‍ഡര്‍ അഭിനന്ദന് ലഭിക്കേണ്ടത് യുദ്ധത്തടവുകാരന്‍ എന്ന നിലയിലുള്ള സുരക്ഷയും പരിഗണനയുമാണ്. അഭിനന്ദനെ അറസ്റ്റുചെയ്ത പാക്കിസ്ഥാന്റെ നടപടി യുദ്ധത്തടവുകാരന്‍ എന്ന നിലയിലുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന അഭിപ്രായം കേന്ദ്ര സര്‍ക്കാരിനുണ്ട്. നേരിട്ടുള്ള നിയമനടപടികള്‍ പാടില്ല, കുറ്റവാളികളെപ്പോലെ പാര്‍പ്പിക്കരുത്, സ്വന്തം രാജ്യത്തേക്ക് എത്രയും വേഗം മടക്കി അയയ്ക്കണം, നിയമനടപടികള്‍ യുദ്ധക്കുറ്റവാളി എന്നനിലയില്‍ മാത്രം, മാനുഷിക പരിഗണന ഉറപ്പാക്കുക, അക്രമം, പീഡനം, ഭീഷണി, അപമാനിക്കല്‍ എന്നിവയില്‍നിന്നുള്ള സുരക്ഷ, സുരക്ഷിതമായ താമസസൗകര്യം, ഭക്ഷണം, വസ്ത്രം, ശുചിത്വം, വൈദ്യസഹായം എന്നിവയെല്ലം ജനീവ കരാറിന്റെ ഫലമായി യുദ്ധ തടവുകാര്‍ക്ക് ലഭിക്കേണ്ടതുണ്ട്. അതിനാല്‍ ഇതെല്ലാം ചര്‍ച്ചയാക്കി അഭിനന്ദിനെ മോചിപ്പിക്കാനാണ് ശ്രമം. ഇതിനൊപ്പം പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ തകര്‍ക്കാനും ഇന്ത്യന്‍ സൈന്യം പുതിയ പദ്ധതികള്‍ കണ്ടെത്തും.

ഏതായാലും യുദ്ധത്തിലേക്ക് കാര്യങ്ങളെത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കിയതും ഗ്രാമീണരെ ഒഴിപ്പിക്കുന്നതും അതിന്റെ ഭാഗമാണ്. അവധിയില്‍ പോയ സൈനികരോട് മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടു. ലോകകപ്പിന് പോയ ഷൂട്ടര്‍മാരേയും തിരിച്ചു വിളിച്ചു. രാജ്യ സുരക്ഷയാണ് പ്രധാനമെന്ന് വ്യക്തമാക്കുന്ന നടപടികള്‍. അതിനിടെ ജമ്മു കാശ്മീരില്‍ നിന്ന് നാട്ടുകാരും പലായനത്തിലാണ്. ഏത് സമയവും യുദ്ധം പ്രതീക്ഷിച്ചാണ് വീടു വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നത്. അതിര്‍ത്തിയില്‍ ഉടനീളം ബങ്കറുകള്‍ നാട്ടുകാര്‍ക്കായി സൈന്യവും ഒരുക്കുന്നുണ്ട്. എങ്കിലും യുദ്ധം അടുത്തെന്ന തിരിച്ചറിവിലാണ് ഗ്രാമ നിവാസികളുടെ നാടുവിടല്‍.

ഇതിനിടെ പാകിസ്താനെതിരെ കൂടുതല്‍ ലോകരാജ്യങ്ങള്‍ രംഗത്തുവന്നു. ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് തലവനെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും യു.എന്‍ രക്ഷാസമതിയില്‍ ആവശ്യപ്പെട്ടു.പാക് ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറിയതോടെ പാകിസ്താന്‍ കൂടുതല്‍ പ്രതിരോധത്തിലായി. പാകിസ്താനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഡല്‍ഹിയിലും കശ്മീരിലും വിഘടനവാദികളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി

Top