19 കാരിയുടെ മൃതദേഹം ഫ്രീസറിൽ കണ്ടെത്തി; കാണാതാകുന്നതിനു മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ പത്തൊമ്പതുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഷിക്കാഗോയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കെന്നിക ജെന്‍കിന്‍സ് എന്ന പത്തൊമ്പതുകാരിയെ ഫ്രീസറിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്.യുവതിയെ കാണാതാകുന്നതിന് മുമ്പുള്ള വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ഒമ്പതിനാണ് കെന്നികയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അടുത്ത ദിവസമാണ് ഇവരുടെ മൃതദേഹം ഫ്രീസറിനുള്ളില്‍ നിന്ന് കണ്ടെടുത്തത്. സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കെന്നിക ഹോട്ടലിൽ എത്തിയത്. സംഭവ ദിവസം ദിവസം രാവിലെ കെന്നിക സ്വമേധയാ ഹോട്ടലിനുള്ളിലെ അടുക്കളയിലെ ഫ്രീസറിനു സമീപത്തേക്ക് നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.കൂടാതെ ഇടയ്ക്ക് കെന്നിക ഇടറി വീഴുന്നതും ഭിത്തിയില്‍ ഇടിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാൻ സാധിക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 24ല്‍ പരം ആളുകളെ ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു. അന്നേ ദിവസം മുപ്പതോളം പേര്‍ പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അതെ സമയം പാര്‍ട്ടിക്കു വേണ്ടി മുറി ബുക്ക് ചെയ്യാനെത്തിയിരുന്നവര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെന്നികയുടെ മാതാവ് എഫ് ബി ഐ ആസ്ഥാനത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Top