ബിഹാർ: വിവാഹ ചടങ്ങുകൾക്കിടയിൽ വരൻ കുഴഞ്ഞുവീണ് മരിച്ചു. വിവാഹത്തിന്റെ ഭാഗമായുള്ള വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു ദാരുണാന്ത്യം. ബിഹാറിലെ സിതാർമഹി ജില്ലയിലാണ് സംഭവം.
ചടങ്ങിൽ അമിത ശബ്ദത്തിൽ ഡിജെ സംഗീത പരിപാടി നടന്നിരുന്നു. തുടക്കം മുതൽ അസ്വസ്ഥത പ്രകടിപ്പിച്ച വരൻ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുരേന്ദ്രകുമാർ എന്ന യുവാവാണ് തന്റെ വിവാഹവേദിയിൽ കുഴഞ്ഞുവീണ് മരിച്ചത്. വരനേയും വധുവിനേയും വിവാഹ വേദിയിലിരുത്തി ചടങ്ങുകൾ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഒരു വശത്ത് അമിത ശബ്ദത്തിലുള്ള സംഗീത പരിപാടി അരങ്ങേറിയത്.
വരനും വധുവും പരസ്പരം മാലയിടുന്ന ചടങ്ങാണ് ആദ്യം നടന്നത്. ഇതിന് പിന്നാലെയാണ് സംഗീത പരിപാടി ആരംഭിച്ചത്. തുടക്കം മുതൽ തന്നെ അമിത ശബ്ദത്തിൽ വരൻ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരും കാര്യമായെടുത്തില്ല. വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ വരൻ സ്റ്റേജിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുരേന്ദ്ര മരണപ്പെട്ടത്. അതേസമയം കർശന നിയന്ത്രണമുണ്ടായിട്ടും വിവാഹ ചടങ്ങിൽ എങ്ങനെ ഡിജെ പരിപാടി സംഘടിപ്പിച്ചെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം ചത്തിസ്ഗഢിലെ റായ്പൂരിലെ വിവാഹ റിസപ്ഷന് തൊട്ടുമുൻപ് വരനേയം വധുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
റിസപ്ഷനായി ഒരുങ്ങാൻ മുറിയിലേക്ക് പോയതായിരുന്നു ഇരുവരും. മുറിയിൽവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വധുവിനെ കൊലപ്പെടുത്തിയ ശേഷം വരൻ ജീനൊടുക്കുകയായിരുന്നു.