കൊച്ചി: സ്വപ്ന സുരേഷുമായി യാതൊരു രാഷ്ട്രീയ വിഷയവും ചർച്ച ചെയ്തിട്ടില്ലെന്ന് ഇടനിലക്കാരനെന്ന് ആരോപണ വിധേയനായ വിജേഷ് പിള്ള. തന്‍റെ പിന്നിൽ ആരുമില്ല, ആക്ഷൻ ഒടിടിയുടെ വെബ്സീരിസിന് വേണ്ടിയാണ് സ്വപ്നയെ സമീപിച്ചതെന്ന് വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
30 കോടി രൂപ വാഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്ത് വിടണം. സ്വപ്നയ്ക്കെതിരെ മാനനഷ്ടത്തിന് ഡിജിപിയ്ക്ക് പരാതി നൽകിയെന്നും വിജേഷ് പറഞ്ഞു.
ഫെബ്രുവരി 27നാണ് സ്വപ്നയെ വിളിക്കുന്നത്. ആക്ഷൻ ഒടിടി ചാനലിൽ ട്രൂ സ്റ്റോറീസ് എന്ന പേരിൽ ന്യൂസ് പോർട്ടൽ ആരംഭിക്കാൻ പദ്ധതി ഉണ്ടായിരുന്നു. ഇതിന് വേണ്ടിയാണ് സ്വപ്നയെ ബന്ധപ്പെട്ടത്. സ്വപ്നയുടേതും അതുപോലെയുള്ള കണ്ടന്‍റുകളും വെച്ചിട്ടുള്ള സീരിസാണ് പ്ലാൻ ചെയ്തത്.
വൈറൽ കണ്ടന്‍റ് ലക്ഷ്യമിട്ടാണ് സ്വപ്നയെ ബന്ധപ്പെട്ടത്. താൽപ്പര്യമുണ്ടെങ്കിൽ കണ്ടന്‍റ് തങ്ങൾക്ക് ഷെയർ ചെയ്യാമെന്നാണ് പറഞ്ഞത്. താൽപ്പര്യം ഉണ്ടെന്ന് പറഞ്ഞതോടെയാണ് നേരിൽ കാണാമെന്ന് പറഞ്ഞത്. തനിക്ക് കേരളം സേഫ് അല്ലെന്ന് സ്വപ്ന പറഞ്ഞതോടെയാണ് ബാംഗ്ലൂരിലോ മറ്റ് എവിടെയെങ്കിലും വച്ച് കാണാമെന്ന് പറഞ്ഞത്. അവർ ബാംഗ്ലൂരിലാണെന്ന് അറിഞ്ഞതോടെ അവിടെ നിന്ന് തന്നെ കാണാമെന്ന് പറയുകയായിരുന്നു. വൈറ്റ്ഫീൽഡ് ഏരിയയിലാണ് നല്ലതെന്ന് പറഞ്ഞപ്പോൾ ഞാൻ താമസിക്കുന്ന ഹോട്ടലിലേക്ക് വിളിക്കുകയായിരുന്നു. അവരുടെ ലൊക്കേഷൻ തേടിപ്പിടിച്ച് ഞാൻ പോയിട്ടില്ല. ഇന്ന സ്ഥലത്താണെന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു.
അവരുടെ കൂടെ ഒരു സുഹൃത്തും രണ്ട് കുട്ടികളുമുണ്ടായിരുന്നു. ആളെ എനിക്ക് അറിയില്ലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായിട്ടാണ് അത് സരിത്താണെന്ന് മനസിലാക്കുന്നത്. പണ്ട് വാർത്തകളിൽ കണ്ടിട്ടുണ്ടെങ്കിലും ആളെ മനസിലായില്ല. ഹോട്ടലിന്‍റെ ലോബിയിൽ റസ്റ്റോറന്‍റിൽ ഇരുന്നാണ് സംസാരിച്ചത്. ഞങ്ങൾക്ക് വരുമാനം ഒന്നും ഇപ്പോൾ ഇല്ലെന്നാണ് സ്വപ്ന പറഞ്ഞത്. ഇപ്പോൾ ജീവിക്കുന്നത് കൂടെയുള്ള സരിത്തിന്‍റെ ശമ്പളവും അമ്മയുടെ സഹായവും കൊണ്ടാണെന്നാണ് പറഞ്ഞത്. 30 ശതമാനം ഷെയർ എന്ന് പറഞ്ഞപ്പോൾ താൽപ്പര്യമുണ്ടെന്നാണ് അവർ പ്രതികരിച്ചത്. അവരുടെ കാര്യങ്ങൾ ചോദിച്ചപ്പോൾ നേരത്തെ എയർഹോസ്റ്റസായിരുന്നു എന്നാണ് പറഞ്ഞത്.
പിന്നീട് എന്‍റെ കാര്യങ്ങൾ ചോദിച്ചപ്പോൾ ഞാൻ കണ്ണൂരാണെന്ന് പറഞ്ഞു. കണ്ണൂരെവിടെയാണെന്ന് ചോദിച്ചപ്പോൾ ആന്തൂരാണെന്ന് പറഞ്ഞു. അവർ സ്ഥലം അറിയാത്ത പോലെ പ്രതികരിച്ചപ്പോൾ എന്‍റെ നാട്ടിൽ പ്രശസ്തനായ ആൾ ഗോവിന്ദൻ മാഷാണെന്ന് പറഞ്ഞു. നാട്ടിൽ നിന്ന് അഞ്ചോ- ആറോ കിലോമീറ്റർ അകലെയാണ് അദ്ദേഹത്തിന്‍റെ വീട്. നാട് പറയുമ്പോൾ അറിയപ്പെടുന്ന ഒരാളെ പറയുന്നത് പോലെ പറഞ്ഞതാണ്. ഇത് സ്വപ്ന ഏത് രീതിയിലാണ് മാറ്റിയതെന്ന് എനിക്കറിയില്ല.
രാഷ്ട്രീയം എനിക്ക് താൽപര്യം ഉള്ളതല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ അവർ ഓരോരോ ചെറിയ കണ്ടന്‍റുകൾ അതിനിടയ്ക്ക് ഇടുന്നുണ്ടായിരുന്നു. അത് ഇപ്പോഴാണ് ഞാൻ ഓർക്കുന്നത്. അപ്പോൾ അത് ചിന്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പിന്നീട് വീണ്ടും രാഷ്ട്രീയത്തിലേക്ക് കടന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചും മറ്റും സംസാരിച്ച് തുടങ്ങി. അപ്പോഴും ഞാൻ എടുത്ത് പറഞ്ഞു രാഷ്ട്രീയത്തോട് താൽപ്പര്യമില്ല എന്ന്.
ഞാൻ ഒരു പാർട്ടിയെയും വിശ്വസിക്കുന്ന ആളല്ല. ഞാൻ ഒരു പാർട്ടിയുടെയും അനുഭാവി അല്ല. എനിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായിട്ടും ബന്ധമില്ല, കോൺഗ്രസുമായിട്ടും ബന്ധമില്ല, ബിജെപി ആയിട്ടും ബന്ധമില്ല. ഇതിലുള്ള ഒരാളുടെയും കൂടെ ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. ഒരു പാർട്ടി പരിപാടിക്കും പോയിട്ടില്ല. ഇന്നുവരെ ഒരു ജാഥയ്ക്ക് പോലും ഞാൻ പോയിട്ടില്ല. അതുകൊണ്ട് തന്നെ ഒരു പാർട്ടിയോടും താൽപ്പര്യമില്ല. പിന്നെയും കുറച്ചെങ്കിലും ഇഷ്ടം തോന്നിയ പാർട്ടി ബിജെപിയാണ്. കാരണം വേറെയൊന്നുമല്ല. ഞാൻ ഒരു വിശ്വാസിയാണ് അമ്പലങ്ങളിലൊക്കെ പോകുന്നത് ഇഷ്ടമാണ്. അതുകൊണ്ട് ആ ഒരു ചുറ്റുപാടുകളൊക്കെ ഉള്ളതുകൊണ്ട് അങ്ങനെയൊരു ഇഷ്ടം അത്രയേയുള്ളൂ. അതും ആ പാർട്ടിയിലൊന്നും പ്രവർത്തിച്ചിട്ടില്ലെന്നും വിജേഷ് പറഞ്ഞു
30 കോടി രൂപ ഞാൻ വാഗ്ദാനം ചെയ്തു, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ ഇടനിലക്കാരനായി പോയി, അല്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞു എന്നാണ് അവർ പറയുന്നത്. അവരുടെ കൈയ്യിൽ ദൃശ്യങ്ങളുണ്ടാകുമല്ലോ. ഞാൻ പറഞ്ഞതെന്താണെന്ന് ദൃശ്യങ്ങൾ പുറത്ത് വിടട്ടെ. എന്‍റെ മുന്നിലും പിന്നിലും ഞാൻ അല്ലാതെ ഒരു കുഞ്ഞ് പോലും ഇല്ല. ഗോവിന്ദൻ മാഷ് അയച്ചു എന്ന് അവർ പറഞ്ഞു. എന്ത് അർത്ഥത്തിലാണ് അവരത് പറഞ്ഞത്? ഞാൻ എപ്പോഴാണ് കേസിൽ നിന്ന് പിന്മാറാനും തെളിവ് തരണമെന്നും പറഞ്ഞിട്ടുള്ളത്. ഇതിന്‍റെ തെളിവ് തരട്ടെ. ഒടിടി ചാനലിൽ സത്യസന്ധമായ കണ്ടന്‍റുകൾ പറയണമെന്നും അതിന് തെളിവ് കാണിക്കണമെന്നും പറഞ്ഞിരുന്നുന്നും വിജേഷ് പറഞ്ഞു.