ഇടുക്കി: കാഞ്ചിയാറ്റില്‍ അധ്യാപികയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസില്‍ ഭര്‍ത്താവ് ബിജേഷ് അറസ്റ്റില്‍.
കുമളിയില്‍ വനാതിര്‍ത്തിയിലുള്ള ഗേറ്റ് ബാറിന് സമീപത്തു നിന്നാണ് കുമളി സിഐയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം ബിജേഷിനെ പിടികൂടിയത്.
ഇയാളുടെ മൊബൈല്‍ ഫോണ്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. മകളെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച ശേഷം ഇയാള്‍ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.
അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റ് കിട്ടിയ പണവുമായി ബിജേഷ് കുമളി വരെ എത്തിയിരുന്നതായി പോലീസിന് മുമ്പ് വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വത്സമ്മയെന്ന അനുമോളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് തലേ ദിവസം മുതല്‍ ഭര്‍ത്താവ് ബിജേഷ് ഒളിവിലായിരുന്നു.
കഴിഞ്ഞ 21ന് വൈകിട്ടാണ് കാഞ്ചിയാര്‍ സ്വദേശിനിയായ അധ്യാപിക അനുമോളെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ഇതിന് പിന്നാലെ ഭര്‍ത്താവ് ബിജേഷിനെ കാണാതാകുകയുമായിരുന്നു. കൊലപാതക ശേഷം മൃതദേഹം മറവ് ചെയ്യുവാനാകാതെ വന്നതോടെ കട്ടിലിനടിയില്‍ ഒളിപ്പിച്ച് പ്രതി കടന്നു കളയുകയായിരുന്നു.