കൊച്ചി: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്‍റിന്‍റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
ഇന്ന് രാവിലെ കൊച്ചിയിലും ഉച്ചയ്ക്ക് ശേഷം ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ വി പി എസ് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്നസെന്‍റ് ഞായറാഴ്ച രാത്രി 10.30നാണ് അന്തരിച്ചത്.
ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
കടവന്ത്രയിലെ പൊതുദർശനത്തിന് ശേഷമാണ് ഇന്നസെന്‍റിന്‍റെ മൃതദേഹം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ട് പോവുക.
ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം, വൈകിട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. ഇതിന് ശേഷമാണ് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്ക്കാര ചടങ്ങുകൾ നടത്തുക.