കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസ് പ്രതി പിടിയിൽ. കേരളാ പോലീസ് സംഘം മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നുമാണ് ഷഹറൂഖ് സെയ്ഫി പിടികൂടിയത്.
ഡൽഹി ഇന്നലെ രാത്രിയാണ് പ്രതി പിടിയിലായത്. മഹാരാഷ്ട്ര എടിഎസിന്റെ സഹായത്തോടെയാണ് പ്രതി പിടിയിലായത്.
രത്നഗിരിയിലെ ആശുപത്രിയിൽ നിന്നും ഇയാൾ ചികിത്സ തേടിയെത്തിയിരുന്നു. അന്വേഷണം സംഘം വരുന്നതിന് മുമ്പ് ഇയാൾ രക്ഷപെടാൻ ശ്രമിച്ചിരുന്നതായും വിവരങ്ങളുണ്ട്. ട്രെയിനിൽ നടത്തിയ തീവെപ്പിനിടെ പ്രതിക്കും പൊള്ളലേറ്റതായി ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു.
ഇയാളുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. രത്‌നഗിരിയിലേക്ക് ട്രെയിന്‍ മാര്‍ഗമാണ് ഇയാൾ എത്തിയതെന്നാണ് വിവരം. ട്രെയിനില്‍ നിന്നും ചാടിയതിനെ തുടര്‍ന്നുണ്ടായ മുറിവുകള്‍ ഉള്ളതിനാല്‍ പ്രതിക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്‍ഐഎ അടക്കം അന്വേഷിക്കുന്ന കേസായതിനാല്‍ കൂടുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രത്‌നഗിരിയിലേക്ക് എത്തും. എന്നാണ് പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരിക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ദൃക്‌സാക്ഷികളില്‍ നിന്നും ലഭിച്ച വിവരങ്ങളും എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ നിന്നും കിട്ടിയ ബാഗില്‍ നിന്നും ലഭിച്ച തെളിവുകളുമാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്. ഞായറാഴ്ചയാണ് രാജ്യത്തെ തന്നെ നടുക്കിയ ആക്രമണം നടന്നത്.
ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊള്‍ ഒഴിച്ച ശേഷം പ്രതി തീകൊളുത്തുകയായിരുന്നു. 9 യാത്രക്കാർക്ക് പൊള്ളലേറ്റു. ട്രെയിനില്‍ നിന്നും ചാടിയ 3 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.