
ന്യൂഡൽഹി : ഇസ്‌ലാമിസ്റ്റ് ഭീകരരായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 25 ഇന്ത്യക്കാർ അഫ്ഗാനിലുണ്ടെന്നു ദേശീയ അന്വേഷണ ഏജൻസി .കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്നാണു സൂചന. താലിബാൻ ജയിൽമോചിതരാക്കിയവരിൽ ഇവരുമുണ്ടെന്നാണ് നിഗമനം. പാക്കിസ്ഥാൻ വഴി കടൽമാർഗം സംഘം ഇന്ത്യയിലേക്കു കടക്കാൻ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജൻസികൾക്ക് എൻഐഎ നിർദേശം നൽകി.
കാബൂൾ വിമാനത്താവളം അടച്ചതിനാൽ അഫ്ഗാനിലുള്ള ബാക്കി ഇന്ത്യൻ പൗരന്മാരെ എപ്പോൾ തിരികെയെത്തിക്കാനാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വിമാനത്താവളം തുറന്നാൽ മാത്രമേ രക്ഷാദൗത്യം പുനരാരംഭിക്കാനാകൂവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അഫ്ഗാനിൽ എത്ര ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യവിവരം കേന്ദ്രത്തിന്റെ പക്കലില്ല. ഭൂരിഭാഗം പേരെയും ഇന്ത്യയിലെത്തിച്ചുവെന്നാണു നിഗമനം.
അതേസമയം ഇന്ത്യയിലേക്ക് ജിഹാദ് വ്യാപിപ്പിക്കാൻ ഐ എസ് ഭീകരർ ലക്ഷ്യമിടുന്നതായി വെളിപ്പെടുത്തൽപുറത്ത് വന്നു . രഹസ്യാന്വേഷണ വിഭാഗത്തിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചതായി എൻഡിടിവിയാണ് മുൻപ് റിപ്പോർട്ട് ചെയ്തത്. ആശയപരമായി ഇന്ത്യയെ അടക്കം ഉൾപ്പെടുത്തി ഖിലാഫത്ത് സ്ഥാപിക്കുകയെന്നതാണ് ഇവരുടെ താൽപര്യം. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതോടെ ഭീകരസംഘങ്ങൾക്കു സ്വൈര്യവിഹാരം നടത്താവുന്ന സ്ഥിതിയാണെന്നും റിപ്പോർട്ട് പറയുന്നു.
അഫ്ഗാനിൽ ചുവടുറപ്പിച്ചു കഴിഞ്ഞാൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഖൊരാസൻ എന്ന ഭീകര സംഘടന മധ്യ ഏഷ്യയിലേക്കും പിന്നീട് ഇന്ത്യയിലേക്കും ‘ജിഹാദ്’ വ്യാപിപ്പിക്കാനാണു പദ്ധതിയിടുന്നതെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഭീകരാക്രമണങ്ങള്‍ നടത്തുക, സംഘടനയിലേക്ക് യുവാക്കളെ ചേർക്കുക എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യം.
ഐഎസിന്റെ ഉപസംഘടനയായ ഐഎസ് ഖൊരാസൻ മധ്യേഷ്യയിലും പിന്നീട് ഇന്ത്യയിലും ചുവടുറപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്റലിജന്‍സ് സൂചന നല്‍കുന്നു. കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള യുവാക്കള്‍ ഐഎസ്‌ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നും തീവ്രചിന്താഗതിക്കാരായ ചില വ്യക്തികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പറയുന്നു. ഇന്ത്യയിലുള്ള നിരവധി സെല്ലുകള്‍ സജീവമാകാന്‍ വഴിയൊരുക്കിയേക്കാമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐഎസ്-കെയുടെ റിക്രൂട്ട്‌മെന്റില്‍ ആശങ്കയുള്ളതായും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനെ താലിബാന്‍ ഏറ്റെടുക്കുന്നതോട് കൂടി തീവ്രവാദ സംഘങ്ങളുടെ ഉറച്ച മണ്ണായി ആ രാജ്യം മാറുകയാണ്. ജമ്മുകശ്മീരില്‍ സ്ഥിരമായി ആക്രമണം നടത്താറുള്ള പാക് ആസ്ഥാനമായ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതൃത്വം കാണ്ഡഹാര്‍ അതിര്‍ത്തിയായ അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലേക്ക് മാറിയതായും റിപ്പോര്‍ട്ടുണ്ട്.
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ലഷ്‌കറെ ത്വയ്ബയുടെ നേതൃത്വം കിഴക്കന്‍ അഫ്ഗാനിലെ കുനാറിലേക്ക് മാറിയതായും വിവരമുണ്ടെന്നാണ് രഹസ്യാന്വേഷണ സംഘങ്ങള്‍ പറയുന്നത്.
താലിബാന്‍ വാഗ്ദാനം ചെയ്ത സുരക്ഷ പാലിക്കാന്‍ കഴിയില്ലെന്ന് തെളിയാക്കാന്‍ കൂടിയാണ് ഐഎസ്-കെ കാബൂള്‍ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് വിവരം. അതൊടൊപ്പം തന്നെ തങ്ങളുടെ സ്വാധീനം തെളിയിക്കുക കൂടി ആക്രമണത്തിലൂടെ അവര്‍ ലക്ഷ്യമിട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.