പ്രക്ഷുബ്ധമായ കടലില്‍ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഒറ്റയ്ക്ക് നീന്തുകയായിരുന്ന ഏഷ്യന്‍ യുവാവ് ശക്തമായ തിരകളില്‍പ്പെട്ട് മുങ്ങിമരിച്ചു. റാസല്‍ ഖൈമയിലെ മുവൈരിദ് കടലിലാണ് സംഭവം. ആഴക്കടലിലേക്ക് നീന്തിയ ഇയാളെ രക്ഷപ്പെടുത്താന്‍ ജനങ്ങളും പോലിസും ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. ആഴക്കടലിലേക്ക് കുറേ നേരം നീന്തിയ ഇയാള്‍ പെട്ടെന്ന് സഹായത്തിനായി അപേക്ഷിക്കുകയായിരുന്നു. ഇതുകേട്ട് കടല്‍ക്കരയിലുണ്ടായിരുന്ന യുവാക്കള്‍ കടലിലേക്ക് എടുത്തുചാടി ഇയാളെ ലക്ഷ്യമാക്കി നീന്തിയെങ്കിലും ഫലമുണ്ടായില്ല. കടല്‍ പക്ഷുബ്ധമായതിനാല്‍ ഉയര്‍ന്നുപൊങ്ങുന്ന തിരമാലകള്‍ക്കിടയിലൂടെ വളരെ അകലെയുള്ള ഇയാളുടെ അടുത്തേക്ക് എത്തിപ്പെടാന്‍ അവര്‍ക്ക് സാധിച്ചില്ല. വിവരമറിഞ്ഞെത്തിയ പോലിസും രക്ഷാ പ്രവര്‍ത്തകരും അപകടസ്ഥലത്ത് കുതിച്ചെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. ഇയാളെ കരയിലെത്തിച്ച് പ്രാഥമിക ശുശ്രൂകള്‍ നല്‍കി ഹൃയമിടിപ്പ് വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുുന്നതിനു മുമ്പ് തന്നെ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. സുരക്ഷാ മുന്‍കരുതലുകളൊന്നുമില്ലാതെ തനിച്ചാണ് അപകടകരമായ കടലില്‍ ഇയാള്‍ ഏറെ നേരം നീന്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കടല്‍ പ്രക്ഷുബ്ധമായതോടെ ഇയാള്‍ക്ക് തിരിച്ചുനീന്താന്‍ കഴിയാതിരുന്നതാവാം അപകട കാരണമെന്നാണ് പോലിസ് നിഗമനം. മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ സഹായിക്കാന്‍ പറ്റുന്നതിനേക്കാള്‍ അകലെയായിരുന്നു അപകടസമയത്ത് ഇയാളെന്നും പോലിസ് പറഞ്ഞു. ഇത്തരം സാഹസിക പ്രവൃത്തികള്‍ക്ക് മുതിരുന്നവര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലെടുക്കണമെന്ന് റാസല്‍ഖൈമ പോലിസ് അറിയിച്ചു. കടല്‍ എപ്പോഴാണ് അപകടാവസ്ഥ കൈവരിക്കുകയെന്ന് മുന്‍ കൂട്ടി മനസ്സിലാക്കുക പലപ്പോഴും പ്രയാസമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തനിച്ച് പോകുന്നത് അപകടം വരുത്തിവയ്ക്കും. പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ മുന്‍കൂട്ടി വിവരം അറിയിച്ച് കടലിലിറങ്ങിയാല്‍ രക്ഷാ പ്രവര്‍ത്തനം എളുപ്പമാവുമെന്നും പോലിസ് പറഞ്ഞു.