ഐഎസ്സുകാര്‍ സ്വന്തം നാട്ടില്‍ തിരികെയെത്തുന്നു; തോറ്റ് പിന്‍മാറല്‍?

ഇറാഖിലും സിറിയയിലും ഐഎസ് ശക്തമായ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കെ, ഇവിടങ്ങളില്‍ നിന്ന് തിരികെയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി സൗഫാന്‍ സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഓരോ രാജ്യത്തെയും സര്‍ക്കാര്‍ രേഖകള്‍ പ്രകാരമുള്ള കണക്കുകളാണ് ഇതെന്ന് സൗഫാന്‍ സെന്റര്‍ ഡയരക്ടര്‍ ജെഫ്രി റിംഗല്‍ അറിയിച്ചു. 33 രാജ്യങ്ങളിലായി ഇതിനകം 5600 പേരെങ്കിലും തിരികെയെത്തിയതായി അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഗവേഷണ വിഭാഗം വിലയിരുത്തി. 100 രാജ്യങ്ങളില്‍ നിന്നായി 40,000ത്തിലേറെ വിദേശികള്‍ ഐ.എസ്സില്‍ ചേര്‍ന്ന് യുദ്ധം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ഐ.എസ്സിന്റെ സ്വയംപ്രഖ്യാപിത ഖലീഫയായ അബൂബക്കര്‍ ബഗ്ദാദി ഖിലാഫത്ത് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പും അതിന് ശേഷവുമായാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇറാഖിലേക്കും സിറിയയിലേക്കും ചേക്കേറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംകള്‍ ഖിലാഫത്തിന്റെ ഭാഗമാവണമെന്ന് ബഗ്ദാദി തന്റെ ആദ്യ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു. ഐഎസ്സിനു വേണ്ടി പോരാടാന്‍ ഇറാഖിലും സിറിയയിലുമെത്തിയ ആയിരങ്ങള്‍ യുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലാണ് ഐ.എസ്സിന് ശക്തമായ തിരിച്ചടികള്‍ ഇരുരാജ്യങ്ങളിലുമുണ്ടായത്. അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖിലും റഷ്യയുടെയും അമേരിക്കയുടെയും നേതൃത്വത്തില്‍ സിറിയയിലും നടത്തിയ വ്യോമാക്രമണങ്ങളിലാണ് ആയിരക്കണക്കിന് ഐ.എസ് പോരാളികള്‍ കൊല്ലപ്പെട്ടത്. നിലവില്‍ ഇറാഖ്-സിറിയ അതിര്‍ത്തിയിലും യൂഫ്രട്ടീസ് നദിയുടെ തീരത്തുമുള്ള വളരെ കുറഞ്ഞ പ്രദേശങ്ങള്‍ മാത്രമാണ് ഐ.എസ് നിയന്ത്രണത്തിലുള്ളത്. കഴിഞ്ഞ ദിവസം സിറിയയിലെ റഖയുടെ നിയന്ത്രണം കുര്‍ദ് സേന പിടിച്ചെടുത്ത ശേഷം ബാക്കിയായ മുഴുവന്‍ വിദേശ ഐ.എസ് പോരാളികളെയും ആക്രമണത്തിലൂടെ വധിക്കാനായിരുന്നു പദ്ധതി.

ഐഎസ് കേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ അതത് രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികളെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു. ഐ.എസ്സില്‍ നിന്ന് ലഭിച്ച പരിശീലനം ഉപയോഗിച്ച് ഇവര്‍ സ്വന്തം നാട്ടില്‍ സ്‌ഫോടനങ്ങളും മറ്റു ആക്രമണങ്ങളും നടത്താനുള്ള സാധ്യതകളേറെയാണ്. ഇതുവരെ അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഭാവിയില്‍ അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് സൗഫാന്‍ സെന്റര്‍ ഡയരക്ടര്‍ ജെഫ്രി റിംഗല്‍ പറയുന്നു. ഇറാഖിലും സിറിയയിലും പരാജയം പൂര്‍ണമാവുന്നതോടെ അവിടെ നിന്ന് രക്ഷപ്പെടുന്ന ഐഎസ്സുകാര്‍ പുതിയ താവളങ്ങള്‍ തേടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. തെക്കുകിഴക്കനേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ പുതിയ താവളങ്ങള്‍ കണ്ടെത്താനായിരിക്കും ഇവര്‍ ശ്രമിക്കുക. ഫിലിപ്പീന്‍സില്‍ ഐഎസ് രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം ഈയിടെ പരാജയപ്പെടുത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇറാഖിലും സൗദിയും ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് റഷ്യ, സൗദി എന്നിവിടങ്ങളില്‍ നിന്നാണ്. റഷ്യയില്‍ നിന്ന് 3,417 പേരും സൗദിയില്‍ നിന്ന് 3,244 പേരുമാണ് ഇവിടങ്ങളിലെത്തിയത്. റഷ്യക്കാരില്‍ 10 ശതമാനവും സൗദികളില്‍ 760 പേരും സ്വദേശങ്ങളില്‍ തിരിച്ചെത്തി. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് 5,000 പേര്‍ ഐ.എസ്സിനു വേണ്ടി പോരാടാനെത്തിയതില്‍ 1,200ലേറെ പേര്‍ സ്വന്തം നാടുകളില്‍ തിരിച്ചെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുര്‍ക്കിയിലും തുനീഷ്യയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ തിരികെയെത്തിയത് 900 പേരും 800 പേരും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐഎസ്സിലേക്ക് ആളുകള്‍ പോയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന വിവരം. കേരളത്തില്‍ നിന്നടക്കം പോയ ഏതാനും പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി എന്‍.ഐ.എ സ്ഥിരീകരിച്ചിരുന്നു. കണ്ണൂരില്‍ നിന്ന് ഐ.എസ്സിലേക്ക് പോയി തിരിച്ചെത്തിയതായി കരുതുന്ന ഏതാനും പേരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് സിറിയയിലേക്ക് പ്രവേശനാനുമതി നിഷേധിച്ച തുര്‍ക്കി സേന നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top