വിമാനം പറത്തുകയെന്ന ആറു വയസ്സുകാരന്റെ സ്വപ്‌നത്തിന് സാക്ഷാല്‍ക്കാരം. ഇത്തിഹാദ് എയര്‍വെയ്‌സ് തങ്ങളുടെ വിമാനത്തില്‍ ഒരു പരിശീലനപ്പറക്കലിന് അവസരം നല്‍കിക്കൊണ്ടാണ് ഈജിപ്ത്-മൊറോക്കോ വംശജനായ ആദം മുഹമ്മദ് ആമിറിന്റെ പൈലറ്റ് സ്വപ്‌നം പൂവണിയിച്ചത്. ആദമിന്റെ ഇഷ്ട വിമാനമായ എയര്‍ബസ് എ 380ലിലായിരുന്നു കന്നിയാത്ര. നേരത്തേ മൊറോക്കോയില്‍ നിന്ന് അബൂദബിയിലേക്കുള്ള യാത്രാ മധ്യേ കോക്പിറ്റിനകത്ത് കയറി എമര്‍ജന്‍സി ലാന്റിംഗ് വേളയിലെ വിമാനത്തിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് പൈലറ്റിന് വിശദീകരിച്ചുകൊടുക്കുന്ന ആറുവയസ്സുകാരന്റെ വീഡിയോ വൈറലായിരുന്നു. അബൂദബിയിലേക്കുള്ള യാത്രക്കിടെ കോക്പിറ്റില്‍ കയറാന്‍ ആഗ്രഹം പ്രകടിപ്പിച്ച ആദമിന് യാത്ര അവസാനിച്ച ശേഷം അതിനുള്ള അവസരം നല്‍കുകയായിരുന്നു. ചില വിമാനങ്ങള്‍ക്ക് റാം എന്നറിയപ്പെടുന്ന എയര്‍ ടര്‍ബൈനുകളുണ്ടാകുമെന്നും എഞ്ചിന്‍ തകരാറിലാകുമ്പോള്‍ വിമാനത്തെ സംരക്ഷിച്ചുനിര്‍ത്തുന്നത് ഈ സംവിധാനമാണെന്നും കുട്ടിപറയുന്നത് കാപ്റ്റന്‍ സാമിര്‍ യഖ്‌ലഫ് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അറുപത് ലക്ഷത്തിലേറെ ആളുകള്‍ കണ്ടിരുന്നു.
വിമാനത്തെക്കുറിച്ചുള്ള ആദമിന്റെ സാങ്കേതിക ജ്ഞാനവും വിമാനം പറത്താനുള്ള താല്‍പര്യവും പരിഗണിച്ച് ഇത്തിഹാദ് എയര്‍വെയ്‌സ് തങ്ങളുടെ ട്രെയിനിംഗ് അക്കാദമിയില്‍ വിമാനം പറത്താനുള്ള അവസരം നല്‍കുകയായിരുന്നു. അഞ്ചു മണിക്കൂറോളമാണ് സഹ പൈലറ്റിനൊപ്പം കുട്ടി വിമാനം നിയന്ത്രിച്ചത്. ആദം വിമാനം പറത്തുന്നതിന്റെ വീഡിയോ ഇത്തിഹാദ് എയര്‍വെയ്‌സ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ടെയ്‌ക്കോഫിന് തയ്യാറായി, നമുക്ക് പോവാം’- എന്ന് കുട്ടിപ്പൈലറ്റ് സഹപൈലറ്റിനോട് പറയുന്നത് വീഡിയോയില്‍ കാണാം. ലേഡീസ് ആന്റ് ജെന്റില്‍മെന്‍, വെല്‍ക്കം ടു അബൂദബി ആന്റ് താങ്ക് യു ഫോര്‍ ചൂസിംഗ് ഇത്തിഹാദ് എന്ന് വിമാനത്തിലെ മറ്റു യാത്രക്കാരെ നോക്കി പറഞ്ഞുകൊണ്ടാണ് അഞ്ചു മണിക്കൂര്‍ നീണ്ട വിമാനം പറത്തലിനു ശേഷം കോക്പിറ്റില്‍ നിന്ന് ആദം എഴുന്നേല്‍ക്കുന്നത്. ജീവിതത്തിലെ അവിസ്മരണീയ അനുഭവമായിരുന്നു ഇതെന്ന് വിമാനം പറത്തിയതിന് ശേഷം ആദം പറഞ്ഞു. എഞ്ചിന്‍ തകരാറിലായാല്‍ എന്തുചെയ്യണം, വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം ലഭിച്ചതായും ആദം പറഞ്ഞു.
പൈലറ്റുമാര്‍ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കാറുള്ള സൈമുലേറ്റര്‍ ഉപയോഗിക്കുന്നത് മകന്റെ ഒരു ഹോബിയായിരുന്നുവെന്ന് പിതാവ് മുഹമ്മദ് ആമിര്‍ പറഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ വിമാനം പറത്തുന്നതിനോടുള്ള കുട്ടിയുടെ അഭിനിവേശം പ്രകടമായിരുന്നതായും അദ്ദേഹം അറിയിച്ചു.