വിസ്മയകരായ ഓഫറുകളുമായി ഈ മാസം 23 മുതല്‍ 25 വരെ ദുബായില്‍ നടക്കുന്ന ഷോപ്പിംഗ് വിസ്മയത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആയിരത്തിലധികം ഔട്ട്‌ലെറ്റുകളും ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും ഷോപ്പിംഗ് കമ്പക്കാരും. സൂപ്പര്‍ സെയിലിന്റെ രണ്ടാം എഡിഷനില്‍ സാധനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 90 ശതമാനം വരെ ഇളവാണ് ലഭിക്കുക. ബ്രാന്റ് നോക്കി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അവ വിലക്കിഴിവില്‍ ലഭിക്കാനുള്ള മെഗാ അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്നത് അപൂര്‍വമാണ്. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ തുടങ്ങി മിക്കവാറും എല്ലാ സാധനങ്ങള്‍ക്കും ഓഫര്‍ ലഭ്യമാകും. ഏറ്റവും മികച്ച കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 400 ബ്രാന്റുകളാണ് ഡിസ്‌ക്കൗണ്ട് സെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറു മാസത്തിനു ശേഷമാണ് മൂന്നു ദിവസത്തെ സൂപ്പര്‍ സെയില്‍ ദുബായില്‍ വീണ്ടും വരുന്നത്. ലോകത്തിന്റെ ഷോപ്പിങ് ഉല്‍സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ വരുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ആദായ വില്‍പ്പനയുടെ വമ്പന്‍ ഉല്‍സവം വരുന്നതെന്നതും ശ്രദ്ധേയമാണ്. രണ്ടു മാസം കഴിഞ്ഞാല്‍ യുഎഇയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിന് മുന്നോടിയായി വരുന്ന മെഗാ സെയില്‍ എന്ന സവിശേഷതയും ഇതിനുണ്ട്. അതിനാല്‍ അധിക നികുതി നല്‍കാതെ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണിത്. ദുബയ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് മൂന്നു ദിവസത്തെ സൂപ്പര്‍ സെയിലിന്റെ സംഘാടകര്‍. ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തി വലിയ ഇളവോടെ തങ്ങള്‍ക്കിഷ്ടപ്പെട്ട എല്ലാ സാധനങ്ങളും വാങ്ങിക്കാനുള്ള അവസരമാണിതെന്ന് ഡിഎഫ്ആര്‍ഇ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സയീദ് അല്‍ ഫല്‍സി പറഞ്ഞു.