പെരുന്നാളാഘോഷത്തിനിടെ കുളത്തിനരികെ കളിക്കുകയായിരുന്ന സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചത് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ. അബൂദബിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള അല്‍ ബഹിയ ഏരിയയിലെ ഫാമിലായിരുന്നു സംഭവം. മല്‍സ്യം വളര്‍ത്താനുപയോഗിക്കുന്ന വലിയ കുളത്തിനു സമീപം കളിക്കുകയായിരുന്ന കുട്ടികളിലൊരാള്‍ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. ഫാം ഉടമയുടെ മകനായ 12 വയസ്സുകാരന്‍ യു.എ.ഇ ബാലനാണ് വീണത്. കുളത്തില്‍ നിന്ന് കയറാനാവാതെ മുങ്ങിത്താഴുന്നത് കണ്ട 10, 11, 12 വയസ്സ് പ്രായമുള്ള മൂന്നു സുഹൃത്തുക്കളും ഒന്നിനു പിറമെ ഒന്നായി കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് ഫാം ഉടമയും മരണപ്പെട്ട കുട്ടിയുടെ പിതാവുമായ ഹുസൈന്‍ അല്‍ ബുറൈകി പറഞ്ഞു. രക്ഷിക്കാന്‍ ശ്രമിച്ച മൂന്നു അറബ് വംശയജരില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. തന്റെ മകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മകനോടൊപ്പം മറ്റു മൂന്നുപേരും കൂടി മുങ്ങിമരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാം പെരുന്നാള്‍ ദിനമായ ഞായറാഴ്ചയായിരുന്നു സംഭവം. ഫാമിലെ 30 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ആഴവുമുള്ള കുളത്തിലാണ് കുട്ടികള്‍ മുങ്ങിമരിച്ചത്. മീന്‍ വളര്‍ത്തുതിനു വേണ്ടി നിര്‍മിച്ച കുളം ഫാമിന്റെ മധ്യഭാഗത്താണ്. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ വീണതായി കണ്ടെത്തിയത്. ഉടന്‍ അല്‍ റഹ്ബ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ എത്തി കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.