ഫിലിപ്പിനോ ജീവനക്കാരിയുടെ പിന്‍ഭാഗത്ത് പേനകൊണ്ട് കുത്തി; ഇന്ത്യന്‍ അക്കൗണ്ടന്‍റെ് കുടുങ്ങി

തന്‍റെ സ്ഥാപനത്തില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന ഫിലിപ്പിനോ യുവതിയുടെ പിന്‍ഭാഗത്ത് പേനകൊണ്ട് കുത്തിയ ഇന്ത്യന്‍ അക്കൗണ്ടന്റ് കുടുങ്ങി. ദുബായ് പോലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ യുവാവിന് യുവതി മാപ്പ് നല്‍കിയെങ്കിലും ഇയാളെ വിട്ടയച്ചിട്ടില്ല. കോടതി നടപടികള്‍ക്കു ശേഷമേ ഇയാള്‍ക്ക് പുറത്തിറങ്ങാനാവൂ. ദുബായിലെ ഒരു ട്രേഡിംഗ് കമ്പനിയില്‍ ജോലിക്കാരാണ് ഇരുവരും. അക്കൗണ്ടന്റുമായി സാമ്പത്തികമായ എന്തോ വിഷയം സംസാരിക്കാന്‍ അയാളുടെ കേബിനില്‍ എത്തിയതായിരുന്നു 37കാരിയായ ഫിലിപ്പിനോ റസിപ്ഷനിസ്റ്റ്. എന്നാല്‍ ഇയാള്‍ സീറ്റിലില്ലാതിരുന്നതിനാല്‍ അല്‍പനേരം കാത്തുനില്‍ക്കാമെന്നു വച്ചു. മേശയുടെ സമീപം നില്‍ക്കുന്നതിനിടയില്‍ ആരോ പിറകില്‍ നിന്ന് നുള്ളുന്നതു പോലെ തോന്നി തിരിഞ്ഞുനോക്കിയപ്പോഴാണ് അക്കൗണ്ടന്റ് പേനകൊണ്ട് പിന്‍ഭാഗത്ത് കുത്തിയതായി ശ്രദ്ധയില്‍ പെട്ടത്. കോപം വന്ന യുവതി തെറിവിളിക്കുകയും തന്റെ കൈയിലുണ്ടായിരുന്നു പേപ്പര്‍ ഇയാള്‍ക്കു നേരെ വലിച്ചെറിയുകയുമായിരുന്നു. ഫിലിപ്പിനോ യുവതി വിവരം കമ്പനി അധികൃതരെയും തുടര്‍ന്ന് പോലിസിനെയും വിവരം അറിയിക്കുകയും ചെയ്തു. പരാതി ലഭിച്ചയുടന്‍ പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമുണ്ടായി. തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പറഞ്ഞാണ് യുവതി ഇന്ത്യക്കാരനെതിരേ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മനപ്പൂര്‍വം കുത്തിയതല്ലെന്നും കൈയിലുണ്ടായിരുന്ന പേന അറിയാതെ യുവതിയുടെ ശരീരത്തില്‍ തട്ടിപ്പോയതാണെന്നുമാണ് യുവാവ് പോലിസിനോട് പറഞ്ഞത്. യുവാവിനോട് സഹതാപം തോന്നിയ യുവതി താന്‍ അയാള്‍ക്ക് മാപ്പ് നല്‍കുന്നതായും പരാതി പിന്‍വലിക്കുന്നതായും അറിയിച്ചുവെങ്കിലും കേസായ സ്ഥിതിക്ക് കോടതി നടപടികള്‍ക്കു ശേഷം മാത്രമേ യുവാവിനെ വിട്ടയക്കാന്‍ പറ്റുകയുള്ളൂ എന്ന നിലപാടിലാണ് പോലിസ്.

Top