സ്വന്തം ലേഖകൻ
നമീബിയ: സൂപ്പർമാർക്കറ്റിൽ പരമ്പരാഗത വേഷത്തിൽ എത്തിയ ആദിവാസി യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആട്ടിൻ തോലിൽ തീർത്ത വസ്ത്രങ്ങളും, മുഖത്ത് ഫെയ്‌സ്‌ക്രീമിനു പകരം മണ്ണും പൂശിയ യുവതിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ആഘോഷം. നമീബിയയിലെ ഹിബ്ര ഗോത്ര വിഭാഗത്തിലെ ഇരുപതുകാരിയായ യുവതിയാണ് കഴിഞ്ഞ ദിവസം ഇവിടുത്തെ സൂപ്പർമാർക്കറ്റിൽ പരമ്പരാഗത വസ്ത്രവും ധരിച്ചെത്തിയത്.
സ്വീഡിഷ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി കലാകാരനുമായ ബിജോറാൻ പിയേഴ്‌സൺ ആണ് സൂപ്പർമാർക്കറ്റിനുള്ളിലെത്തിയ യുവതിയുടെ ചിത്രങ്ങൾ തന്റെ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ആഫ്രിക്കൻ വനാന്തരങ്ങളിലൂടെയും നമീബിയയിലെ ഗ്രാമനഗരപ്രദേശങ്ങളിലൂടെയും യുവതിയെ പിൻതുടർന്നാണ് ഇദ്ദേഹം ചിത്രങ്ങൾ പകർത്തിയത്.
തുടർന്നു യുവതിയെപ്പറ്റി പഠിക്കുന്നതിനായി ഇദ്ദേഹം ഇവരുടെ ഗ്രാമത്തിലേയ്ക്കു പോകുകയും ചെയ്തു.
വനാന്തർഭാഗത്തു കൂടി നൂറിലേറെ കിലോമീറ്റർ കാൽനടയായി നടന്നാണ് ഇവർ ഗ്രാമത്തിലെത്തുന്നത്. കാട്ടിലെ ഭക്ഷണം മതിയാകാതെ വന്നതോടെയാണ് ഇവർ നാട്ടിലിറങ്ങി ഭക്ഷണം വാങ്ങാൻ തയ്യാറായത്.
നല്ല വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവർ ഇവരുടെ കൂട്ടത്തിലുണ്ടെങ്കിലും വസ്ത്രധാരണ രീതി മാറ്റാൻ ഇവർ തയ്യാറാകുന്നില്ല.