ഇന്റർനാഷണൽ ഡെസ്‌ക്
ജിദ്ദ: വീണ്ടും ഒരു ഗൾഫ് യുദ്ധം ആസന്നമാകുകയാണെന്ന സൂചന നൽകി പശ്ചിമേഷ്യയിൽ വീണ്ടും ഭീതി. സൗദിയും ലബനനനും നേർക്കുനേർ പോരിനു തയ്യാറാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. സൗദിയ്ക്കു നേരെ ആക്രമണമുണ്ടാകുമെന്ന സാധ്യത മുൻകൂട്ടി കണ്ട് പൗരൻമാരോടു രാജ്യം വിടാൻ ബെഹ്‌റിൻ നിർദേശം നൽകിക്കഴിഞ്ഞു. ഇതോടെ പശ്ചിമേഷ്യയിൽ ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുന്ന ലക്ഷക്കണക്കിനു മലയാളികളുടെ ജീവിതം തന്നെ പ്രതിസന്ധിയിലായി.
സൗദി അറേബ്യയിലെ കടുത്ത നടപടികൾ ലോകശ്രദ്ധ ആകർഷിച്ചതിനൊപ്പം തന്നെയാണ് ലബൺ പ്രധാനമന്ത്രിയുടെ രാജിയും ശ്രദ്ധിക്കപ്പെട്ടത്. സൗദി പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുമ്പോൾ ആയിരുന്നു സൗദിയിൽ വച്ച് തന്നെ ആ രാജി പ്രഖ്യാപനം നടന്നത്.
ഹിസ്ബുള്ളയേയും ഇറാനേയും ലക്ഷ്യം വച്ചായിരുന്നു രാജി പ്രഖ്യാപിച്ച് സാദ് ഹരീരി നടത്തിയ പ്രതികരണങ്ങൾ. അതിന് തക്കതായ മറുപടി ഹിസ്ബുളളയും ഇറാനും നൽകുകയും ചെയ്തു.
ലബനൺ സൗദിയോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് എന്നാണ് ഇപ്പോൾ സൗദി അറേബ്യ ഉയർത്തിയിരിക്കുന്ന ആരോപണം. തങ്ങളുടെ പൗരൻമാരോട് ലബനൺ വിടാൻ ബഹ്റൈൻ നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
പശ്ചിമേഷ്യയിലെ ഒരു ചെറിയ രാജ്യം മാത്രമാണ് ലബനൺ. കടുത്ത ആഭ്യന്തര പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടയ്ക്കായിരുന്നു പ്രധാനമന്ത്രി സാദ് ഹരീരിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. അതും സൗദി അറേബ്യയിൽ വച്ച്.
സാദ് ഹരീരിയുടെ രാജിക്ക് പിന്നില് സൗദി അറേബ്യ ആണ് എന്ന ആരോപണം ആണ് ഹിസ്ബുള്ളയും ഇറാനും ഉന്നയിച്ചത്. സൗദിയുടെ സമ്മർദ്ദത്തിന് വഴങ്ങി ഹരീരി രാജി വക്കുകയായിരുന്നു എന്ന ആരോപണവും അവർ ഉയർത്തിയിരുന്നു. ഇത് കൂടുതൽ വിവാദങ്ങൾക്ക് വഴിവച്ചു.
സൗദിയോട് യുദ്ധ പ്രഖ്യാപനം നടത്തി എന്ന രീതിിൽ തന്നെ ആയിരിക്കും ഇനി ലബനൺ സർക്കാരിനോട് പ്രതികരിക്കുക എന്നാണ് സൗദിയുടെ ഗൾഫ് അഫയേഴ്സ് മന്ത്രി തമെർ അൽ സബാൻ വ്യക്തമാക്കിയിട്ടുള്ളത്. മേഖല യുദ്ധാന്തരീക്ഷത്തിലേക്ക് നീങ്ങുന്നു എന്ന സൂചന തന്നെയാണ് സൗദി നൽകുന്നത്.
ഹിസ്ബുള്ളയെ നിയന്ത്രിക്കുന്നതിൽ ഹരീരി സർക്കാർ പരാജയപ്പെട്ടു എന്ന ആക്ഷേപവും സൗദി ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ലബനണിലെ ഗുഹകളിലേക്ക് ഹിസ്ബുള്ളയെ ഓടിക്കും എന്ന മുന്നറിയിപ്പും ഉണ്ട്. ദക്ഷിണ ലബനണിൽ ആണ് ഷിയ വിഭാഗക്കാർക്ക് ഭൂരിപക്ഷം ഉള്ളത്.
സൗദി അറേബ്യയ്ക്ക് ഹിസ്ബുള്ളയോടുള്ള വിദ്വേഷത്തിന് കാരണം പലതാണ്. സുന്നി-ഷിയ പ്രശ്നം തന്നെ ആണ് അതിൽ പ്രധാനം. ഇറാനുമായുള്ള ഹിസ്ബുളളയുടെ ബന്ധമാണ് മറ്റൊന്ന്.
സിറിയയിൽ അസദ് ഭരണകൂടത്തിനെചിരെ പോരാടുന്നവർക്ക് ആളും അർത്ഥവും നൽകി സഹായിച്ചിരുന്നത് സൗദി അറേബ്യ ആയിരുന്നു. എന്നാൽ അയൽ രാജ്യത്തെ സർക്കാരിനെ സംരക്ഷിക്കുന്ന പോരാട്ടമായിരുന്നു ഹിസ്ബുള്ള ചെയ്തിരുന്നത്. ഇറാന്റെ പിന്തുണയോടെ ആയിരുന്നു ഇത്.
ഹിസ്ബുള്ളയെ തകർക്കാൻ സൗദി ഏതെങ്കിലും രീതിയിലുള്ള സൈനിക നടപടി ലബനണിൽ നടത്തുമോ എന്ന് വ്യക്തമല്ല. എന്നാൽ ഹിസ്ബുള്ളയ്ക്ക് നേരെയുണ്ടാകുന്ന ഏത് ആക്രമണത്തേയും നോക്കി നിൽക്കാൻ ഇറാൻ തയ്യാറാവില്ല. കടുത്ത സംഘർഷങ്ങൾക്ക് തന്നെ ഇത് വഴിവച്ചേക്കാം.
കടുത്ത സാമ്പത്തിക പരാധീനതയിലാണ് ലബനൺ. പഴയ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് ഇപ്പോഴും മോചിപ്പിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ജനങ്ങളിൽ നാലിൽ ഒന്ന് സിറിയയിൽ നിന്നുള്ള അഭയാർത്ഥികളും ആണ്.