തിരുവനന്തപുരത്ത് നിന്ന് മാലി ദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം റണ്‍വേ മാറി ഇറങ്ങി. മാലി ദ്വീപിലെ വെലാന വിമാനത്താവളത്തിലെ നിര്‍മ്മാണത്തിലിരുന്ന റണ്‍വേയിലാണ് വിമാനം മാറി ഇറങ്ങിയത്. സംഭവം നടക്കുന്ന സമയത്ത് സമീപത്ത് ഒട്ടേറെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു.
ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ബസ് എ 320 നിയോ വിമാനമാണ് തെറ്റായി ലാന്‍ഡുചെയ്തത്. ഇക്കാര്യം എയര്‍ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. നൂറിലേറെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ വിമാനം ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്. ഓഗസ്റ്റ് ആദ്യവാരം റിയാദ് വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വേയ് വിമാനം അപകടത്തില്‍പ്പെട്ടിരുന്നു.