കുടിയന്മാര്‍ക്ക് വമ്പന്‍ ഓഫര്‍; ഒരു ലക്ഷം രൂപ മുടക്കിയാല്‍ ആജീവനാന്തം മദ്യം വീട്ടിലെത്തും

കേവലം ഒരു ലക്ഷം രൂപ മുടക്കിയാല്‍ ആജീവനാന്തം മദ്യം വീട്ടിലെത്തുമെങ്കിലോ. അല്‍പം കാശുള്ള കുടിയന്മാര്‍ക്ക് ഇതില്‍പ്പരം ഒരു ഓഫര്‍ ലഭിക്കാനുണ്ടോ. ചൈനയിലെ ഒരു മദ്യക്കമ്പനി പുറത്തിറക്കിയ ഓഫര്‍ ആണിത്. എന്നാല്‍ എല്ലാവര്‍ക്കുമില്ല. ഭാഗ്യശാലികളായ 99 പേര്‍ക്കാണ് മദ്യം ലഭിക്കുക. നവംബര്‍ 11ന് ആരംഭിക്കുന്ന ചൈനയിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ഡബിള്‍ പതിനൊന്നിനോട് അനുബന്ധിച്ചാണ് കിടിലന്‍ ഓഫര്‍. ജിയാങ് ഷിയാവോ ബെയ് മദ്യക്കമ്പനിക്ക് ഇതിനായി നല്‍കേണ്ടത് വെറും 1675 ഡോളര്‍ (ഏകദേശം 1,09,194 രൂപ). ഇത്രയും പണം നല്‍കിയാല്‍ ചോളത്തില്‍നിന്ന് തയ്യാറാക്കുന്ന ചൈനീസ് മദ്യമായ ബൈജിയും ആജീവനാന്തം ലഭിക്കും. ഓരോ മാസവും 12 പെട്ടി മദ്യം ഓണ്‍ലൈന്‍ ആയി ലഭിക്കും. ഇ കൊമേഴ്സ് സൈറ്റായ ആലിബാബയുടെ ബിസിനസ് ടു കസ്റ്റമര്‍ പ്ലാറ്റ് ഫോമായ ടി മാളിലൂടെ ഉപഭോക്താക്കള്‍ക്ക് മദ്യം വീട്ടിലെത്തും. ഓരോ പെട്ടിയിലും 12 കുപ്പി മദ്യമുണ്ടാകും. അതായത്, ഒരുമാസം 144 കുപ്പി മദ്യം. തെക്ക് പടിഞ്ഞാറന്‍ നഗരമായ ചോങ്ക്വിങ്ങിലാണ് മദ്യക്കമ്പനിയുടെ ആസ്ഥാനം. ചൈനയില്‍ ഏറ്റവും കൂടുതല്‍ ഓഫറുകളുമായി നടത്തുന്നതാണ് ഡബിള്‍ 11 ഷോപ്പിങ് മാമാങ്കം.

Top