ഹൈദരാബാദ്: ഒരു ഡോളറിന് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുന്ന തരത്തിലേക്ക് നമ്മുടെ രാജ്യം മാറുന്നെന്ന് ചന്ദ്രബാബു നായിഡു. ഇന്ധന വിലവര്‍ദ്ധനവിലും രൂപയുടെ വിലയിടിയുന്നതിലുമുള്ള വിമര്‍ശനവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് തെലുങ്കുദേശം പാര്‍ട്ടി നേതാവ് കൂടിയായ അദ്ദേഹം സംസാരിച്ചത്.
രൂപയുടെ മൂല്യം എല്ലാ ദിവസവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ അത് 100 രൂപയിലെത്തിയാലും അത്ഭുതപ്പെടാനില്ല. അതു പോലെ പെട്രോള്‍, ഡീസല്‍ വില എല്ലാ ദിവസവും കൂടുകയാണ്. പെട്രോള്‍ വില ഉടന്‍ തന്നെ ലിറ്ററിന് 100 രൂപയിലെത്തിയേക്കും. പെട്രോളും രൂപയും സെഞ്ചുറി അടിക്കും. അപ്പോള്‍ ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാം-നായിഡു പരിഹസിച്ചു.
സാമ്പത്തികരംഗം തകര്‍ച്ച നേരിടുകയാണെന്നും രാജ്യത്ത് സാമ്പത്തിക അച്ചടക്കമില്ലെന്നും നായിഡു ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തേയും നായിഡു വിര്‍ശിച്ചു. എന്‍.ഡി.എ സഖ്യകക്ഷിയായിരുന്ന വേളയില്‍ നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ച ആളാണ് ചന്ദ്രബാബു നായിഡു. നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ രൂപം കൊടുത്ത കമ്മറ്റിയുടെ കണ്‍വീനറും അദ്ദേഹമായിരുന്നു.
നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. നോട്ട് നിരോധനം കൊണ്ട് ജനങ്ങള്‍ എറെ വലഞ്ഞു. ഇപ്പോള്‍ പോലും ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് കൂടുതല്‍ 200, 100 രൂപ നോട്ടുകള്‍ അച്ചടിക്കാനായിരുന്നു താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ നേരെ വിപരീതമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇനിയെങ്കിലും വലിയ നോട്ടുകള്‍ പിന്‍വലിച്ച് ചെറിയ നോട്ടുകള്‍ കൂടുതലായി ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.