ഒരു ദേശീയ പാര്‍ട്ടിയുടെ സംഘടനാ തലപ്പത്തേക്കുള്ള വരവ് തന്നെ ട്രാന്‍സ്‌വുമണ്‍ അപ്സര റെഡ്ഡിയെ സംബന്ധിച്ച് ചരിത്രമായിരുന്നു. മാത്രമല്ല, കോണ്‍ഗ്രസിനും അത് ചരിത്ര മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു. കാരണം, ചരിത്രത്തില്‍ ആദ്യമായായിരുന്നു ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നൊരാള്‍ എഐസിസി ജനറല്‍ സെക്രട്ടറിയായത്. അതുമാത്രമല്ല, ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ആറണി, കരൂര്‍ മണ്ഡലങ്ങളില്‍നിന്ന് മത്സരിക്കാന്‍ ഒരുങ്ങുകയാണ് അപ്സര.
വേണ്ടിവന്നാല്‍, മോദിക്കെതിരെ മത്സരിക്കാനും താന്‍ തയാറാണെന്ന് പറഞ്ഞ അപ്സര, പാര്‍ലമെന്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി ആവശ്യമാണെന്ന പ്രതീക്ഷയാണ് പങ്കുവെച്ചത്. 15 വയസുവരെ അജയ് റെഡ്ഡി എന്ന പേരില്‍ പുരുഷ ശരീരത്തില്‍ ജീവിച്ചെങ്കിലും പിന്നീട് മനസ് പറയുന്ന വഴി തെരഞ്ഞെടുത്താണ് അപ്സര സ്ത്രീയായി മാറിയത്. രാഷ്ട്രീയം അപ്സരയ്ക്ക് പുതിയ തട്ടകമല്ല. മൂന്ന് വര്‍ഷം മുമ്പ് സജീവ രാഷ്ട്രീയത്തിലെത്തിയ അപ്സരയുടെ തുടക്കം ബിജെപിയിലായിരുന്നു. അധികം വൈകാതെ എഐഎഡിഎംകെയില്‍ ചേര്‍ന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ വരെ എഐഎഡിഎംകെയില്‍. പിന്നീട് ജനുവരിയിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നാലെ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പദവിയിലുമെത്തി.
ആന്ധ്രയില്‍ വേരുകളുള്ള യാഥാസ്ഥിതിക കുടുംബത്തില്‍ ചെന്നൈയിലാണ് അപ്സരയെന്ന അജയ് റെഡ്ഡിയുടെ ജനനം. പെണ്ണായി മാറാനുള്ള ആഗ്രഹത്തിന് കുടുംബം മുഴുവന്‍ എതിര്‍ത്തപ്പോഴും അമ്മ ഒപ്പംനിന്നു. ബിബിസി, ദി ഹിന്ദു തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അപ്സര, ഓസ്ട്രേലിയയിലും ലണ്ടനിലുമായാണ് ജേര്‍ണലിസം പഠിച്ചത്. തമിഴ് ടിവി ചാനല്‍ അവതാരകയെന്ന നിലയിലും അപ്സര പേരെടുത്തിരുന്നു. എഐഎഡിഎംകെയില്‍ ആയിരുന്ന കാലത്ത് പാര്‍ട്ടിയുടെ വക്താവായി ചാനല്‍ ചര്‍ച്ചകളിലും സജീവ സാന്നിദ്ധ്യമായിരുന്നു അപ്സര. ശശികലയുമായി അടുപ്പം സൂക്ഷിച്ചിരുന്നെങ്കിലും, അവര്‍ ജയിലിലായ ശേഷം ദിനകരന്‍ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ പാര്‍ട്ടിയുമായി അകന്നു. പിന്നീടായിരുന്നു കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം. തമിഴ്‌നാട്ടിലെ കുട്ടികള്‍ക്ക് വേണ്ടി പോരാടി വാര്‍ത്തകളില്‍ ഇടം നേടിയ ആള്‍ കൂടിയാണ് അപ്‌സര റെഡ്ഡി.