വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ ഹാജിമാര്‍. 3000 ഇന്ത്യന്‍ ഹാജിമാര്‍ക്കാണ് വിശുദ്ധ സംഗമം നഷ്ടമായത്. അറഫ സംഗമത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചിട്ടും 47ാം മഖ്തബിന് കീഴിലുള്ള ഹാജിമാരുടെ സംഘത്തിനാണ് എത്താന്‍ സാധിക്കാതെ പോയത്. മഖ്തബ് അധികൃതര്‍ വീഴ്ച വരുത്തിയതാണ് കാരണമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയച്ചു.
വൈകിയാണെങ്കിലും ഇന്ത്യന്‍ ഹാജിമാരെ അറഫയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹജ്ജ് മിഷന്‍ വ്യക്തമാക്കി. ഇത്തവണ 20 ലക്ഷത്തോളം ഹാജിമാരാണ് അറഫാ സംഗമത്തിന് എത്തിയിട്ടുള്ളത്. ദേശവും ഭാഷയും വര്‍ണവും അവഗണിച്ച് മാനവസമൂഹം ഒന്നിച്ചുചേരുന്ന അപൂര്‍വ കാഴ്ചയാണ് അറഫാ സംഗമം. ഹജ്ജിന്റെ പ്രധാന കര്‍മവുമാണിത്. ഹജ്ജ് എന്നാല്‍ അറഫയാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. അറഫാ സംഗമത്തിന്റെ ദിവസം സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ പ്രാര്‍ഥനയില്‍ മുഴുകും. പിന്നീട് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള മുസ്ദലിഫയില്‍ വിശ്രമിക്കും. ഹജ്ജ് കര്‍മത്തിന്റെ ഭാഗമാണിതെല്ലാം. വെള്ളിയാഴ്ച പുലര്‍ന്നാല്‍ ഹാജിമാര്‍ മിനായിലേക്ക് തിരിച്ചെത്തും.