ഇന്ത്യൻ വൈദിക ചരിത്രത്തിലാദ്യം;മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്ന്. ഇന്ത്യയെ പ്രതിനിധീകരിച്ച് 7 അംഗ സംഘം വത്തിക്കാനിൽ.ചരിത്ര നിമിഷം കാത്ത് ഭാരതസഭ

വത്തിക്കാൻ: ഇന്ത്യൻ വൈദിക ചരിത്രത്തിലാദ്യമായി ഒരു വൈദികനെ നേരിട്ട് കാർഡിനൽ പദവിയിലേക്ക് ഉയർത്തുന്നു .ചരിത്ര നിമിഷം കാത്ത് ഭാരതത്തിലെ സീറോ മലബാർ സഭ.ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് ഇന്ന് കർദിനാളായി സ്ഥാനമേൽക്കും. ഇന്ന് രാത്രി ഇന്ത്യൻ സമയം 8.30 ന് വത്തിക്കാനിൽ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങ്. ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കുന്ന ചടങ്ങിലായിരിക്കും മാർ ജോർജ് കൂവക്കാട് കർദിനാളായി ഉയർത്തപ്പെടുക. ഇതോടൊപ്പം മറ്റ് 20 പേരെയും കർദിനാൾ സ്ഥാനത്തെ ഉയർത്തും. ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ നടക്കുന്നത്.

ദൈവത്തിന്റെയും മുൻ തലമുറകൾ ചെയ്ത നൻമകളുടെയും അനുഗ്രഹമാണ് കർദിനാൾ പദവിയെന്ന് ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു. സഭയിലെ സ്ഥാനങ്ങൾ നൻമ ചെയ്യാനുള്ള അവസരമാണ്. അടുത്ത വർഷം ഒട്ടേറെ പ്രധാന പരിപാടികളുള്ളതിനാൽ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലേക്കെത്താൻ സാധ്യത കുറവാണ്. ഇന്ത്യയിലേക്ക് പെട്ടെന്ന് പോയിട്ട് വരാൻ കഴിയില്ല. പന്ത്രണ്ട് ദിവസമെങ്കിലും എടുക്കും. അത്രയും ദിവസം അദ്ദേഹത്തിനു കിട്ടുമോ എന്നറിയില്ല. ഭാരത സന്ദർശനം ഏറെ നാളായുള്ള അദ്ദഹത്തിന്റെ ആഗ്രഹമാണെന്നും ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 7 അംഗ സംഘമാണ് പങ്കെടുക്കുന്നത്. കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി, അനൂപ് ആന്റണി, അനിൽ ആന്റണി എന്നിവരാണ് പങ്കെടുക്കുന്നത്. എംഎൽഎമാർ ഉൾപ്പെടെയുള്ള മലയാളി സംഘവും സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാന് വത്തിക്കാനിൽ എത്തിയിട്ടുണ്ട്. മാർ ജോർജ് കൂവക്കാടിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നതിന് ഭാഗമായി ചങ്ങനാശ്ശേരിയിൽ കഴിഞ്ഞ മാസം മെത്രാഭിഷേക ചടങ്ങുകൾ നടന്നിരുന്നു.

മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേരെയാണു കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. ഒന്നര മണിക്കൂറാണ് ഇന്നത്തെ ചടങ്ങുകളുടെ ദൈർഘ്യം. നാളെ രാവിലെ 9.30നു പഴയ കർദിനാൾമാരും പുതുതായി സ്ഥാനമേറ്റ കർദിനാൾമാരും മാർപാപ്പയ്ക്കൊപ്പം കുർബാന അർപ്പിക്കും. ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ തോമസ് തറയിലും മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും സഹകാർമികരാവും.

സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവരും കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രസംഘവും സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ചങ്ങനാശേരി അതിരൂപതയിൽനിന്നു മുഖ്യ വികാരി ജനറലായ മോൺ. ആന്റണി എത്തക്കാട്ട് ഉൾപ്പെടെ 12 പേരുടെ ഔദ്യോഗിക സംഘമാണ് എത്തിയിട്ടുള്ളത്. മാർ കൂവക്കാടിന്റെ ബന്ധുക്കളും എത്തിയിട്ടുണ്ട്.

Top