മത പണ്ഡിതന്‍മാരെ അറസ്റ്റ് ചെയ്ത സംഭവം; സൗദിക്കെതിരേ മനുഷ്യാവകാശ സംഘടനകള്‍

മുതിര്‍ന്ന മുഫ്ത്തിമാരടക്കം ഒരു കൂട്ടം പണ്ഡിതന്‍മാരെയും ബുദ്ധിജീവികളെയും സാമൂഹിക പ്രവര്‍ത്തകരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ നടപടിക്കെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. വിയോജിപ്പ് രേഖപ്പെടുത്തുന്നവര്‍ക്കെതിരായ ആസൂത്രിതമായ നടപടിയാണിതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയ്ക്കു ശേഷം പ്രതിഷേധ പ്രകടം നടത്തണമെന്ന് സൗദിയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രതിപക്ഷ നേതാക്കള്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്നായിരുന്നു സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ സൗദിയിലെ നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്തത്. ഇരുപതിലേറെ പേരെയാണ് സൗദി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്രയേറെ പ്രമുഖ പണ്ഡിതരെ ഒന്നിച്ച് അറസ്റ്റ് ചെയ്യുന്ന നടപടി സൗദിയില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ആംനെസ്റ്റി വക്താവ് സമാഹ് ഹദീദ് അഭിപ്രായപ്പെട്ടു. ജൂണ്‍ 21ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി അധികാരമേറ്റതു മുതല്‍ സൗദിയിലെ അഭിപ്രായസ്വാതന്ത്ര്യം അത്യന്തം ദയനീയമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശകരെ അടിച്ചൊതുക്കാനുള്ള കിരീടാവകാശിയുടെ നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചും കുറ്റുപ്പെടുത്തി. രാജ്യത്ത് നിയമവാഴ്ചയും അഭിപ്രായ സ്വാതന്ത്ര്യവും നിലനില്‍ക്കണമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന് താല്‍പര്യമില്ലെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്ന് സംഘടനയുടെ മിഡിലീസ്റ്റ് ഡയരക്ടര്‍ സാറ ലീ വിറ്റ്‌സണ്‍ പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്കും പരിഷ്‌ക്കരണങ്ങള്‍ക്കും വേണ്ടി വാദിക്കുന്ന സ്വന്തം പൗരന്‍മാരോട് എത്രമാത്രം അസഹിഷ്ണുതയോടെയാണ് സൗദി ഭരണകൂടം പെരുമാറുന്നത് എന്നതിന് തെളിവാണിതെന്നും അവര്‍ പറഞ്ഞു. സര്‍വാദരണീയരായ ഇസ്ലാമിക പണ്ഡിതന്‍ സല്‍മാന്‍ അല്‍ ഔദ, അവാദ് അല്‍ ഖര്‍നി തുടങ്ങിയവരെയാണ് സൗദി തടവിലാക്കിയിരിക്കുന്നത്. സൗദിയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്റെ ശക്തരായ വിമര്‍ശകരാണ് ഈ പണ്ഡിതന്‍മാര്‍.

Top