
സിൽവർലൈൻ വിഷയത്തിൽ ശശി തരൂരിനെ ഒടുവിൽ മെരുക്കി കോൺഗ്രസ്. ശശി തരൂർ യുഡിഎഫ് നിലപാടിനൊപ്പം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. വിഷയത്തിൽ യുഡിഎഫിന്റെ നിലപാട് ബോധ്യപ്പെട്ടെന്ന് അറിയിച്ച് തരൂർ കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ കുറിച്ച് പഠിച്ചിട്ടില്ലെന്ന് പറഞ്ഞ തരൂരിന് പാർട്ടി വിശദമായ കുറിപ്പ് കൈമാറിയിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് തരൂർ, തനിക്ക് യുഡിഎഫ് നിലപാട് ബോധ്യപ്പെട്ടെന്ന് അറിയിച്ചത്. ഇക്കാര്യം തരൂർ തന്നെ പരസ്യപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു.
അതേസമയം, തരൂരിന്റെ നിലപാടിനെതിരെ കെപിസിസി പരാതി നൽകിയിട്ടില്ലെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കിയതോടെ, തരൂരിനെ എഐസിസി നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. തരൂരിനെ പരിഹസിച്ചുകൊണ്ട് കെ. മുരളീധരനും രംഗത്തെത്തി. വിശ്വപൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോൾ പാർട്ടിക്ക് ഇല്ലെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. 2024ൽ തിരുവനന്തപുരത്ത് തരൂരിന് പകരം മറ്റൊരാളെ പാർട്ടി കണ്ടെത്തുമെന്നും മുരളീധരൻ പറഞ്ഞു.