അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഷിയ പള്ളിക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. വെള്ളിയാഴ്ച ജുമ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കു നേരെയയുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി.
നിരവധി പേര്‍ക്ക് പരിക്കേറ്റു. ഐസിസ്സുമായി ബന്ധമുള്ള അമാഖ് വെബ്‌സൈറ്റാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റത്.
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.തലസ്ഥാന നഗരിയിലെ ഷിയ ഭൂരിപക്ഷ കേന്ദ്രമായ ഖല-നജറയിലെ ഇമാം സമാന്‍ പള്ളിയിലാണ് ആക്രമണമുണ്ടായത്.
പള്ളിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച ശേഷം പള്ളിക്കുള്ളില്‍ കടന്ന അക്രമികള്‍ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സുരക്ഷാ സൈനികര്‍ പള്ളിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികളിലൊരാള്‍ പള്ളിക്കകത്ത് സ്‌ഫോടനം നടത്തിയതിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.
ആയിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പള്ളിയാണിതെന്ന് അഫ്ഗാനിലെ ഷിയ പണ്ഡിത സഭയിലെ അംഗം മിര്‍ ഹുസയ്ന്‍ നസീരി പറഞ്ഞു.
പള്ളിയുടെ മുകളിലെ നിലയിലുള്ള സ്ത്രീകളെ അക്രമികള്‍ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും തീര്‍ന്നതിനെ തുടര്‍ന്ന് കത്തി പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആളുകളെ അക്രമിക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം കാബൂളിലെ ഇറാഖി എംബസിക്കു നേരെ ഐസിസ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഷിയ ആരാധനാലയങ്ങള്‍ അക്രമിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
അതിനു ശേഷം അഫ്ഗാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹിറാത്തിലുള്ള ഏറ്റവും വലിയ ഷിയ പള്ളിയില്‍ ഐസിസ് നടത്തിയ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു.