മുസ്ലീം മതവിശ്വാസികൾക്ക് നിർബന്ധമായ ആരാധനാകർമ്മമാണ് അഞ്ച് നേരം നമസ്ക്കരിക്കൽ. എന്നാൽ മതാചാരം എന്നതിലുപരി നമസ്ക്കാരം കൊണ്ട് ആരോഗ്യകരമായും ഏറെ ഗുണങ്ങളുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. അമേരിക്കയിലെ ബിൻഗാംട്ടൺ യൂണിവേഴ്സിറ്റിയാണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നമസ്ക്കാരത്തിനിടയിലെ ചലനങ്ങൾ നടുവേദന കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. നമസ്ക്കാരത്തിനിടയിൽ സുജൂദ്(സാഷ്ടാംഗം നമിക്കൽ) ചെയ്യുമ്പോൾ ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ വേദനകൾ ഒരു പരിധി വരെ കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലെ ബിൻഗാംട്ടൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നമസ്ക്കാരം കൊണ്ടുള്ള ആരോഗ്യകരമായ ഗുണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ചെറിയ നടുവേദന മാറാൻ നമസ്ക്കാരം സഹായിക്കുന്നുവെന്നാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. നമസ്ക്കാരത്തിനിടയിൽ സുജൂദ് ചെയ്യുമ്പോൾ കൈ മുതൽ ഉപ്പൂറ്റി വരെയുള്ള വേദനകളിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും പഠനത്തിൽ പറയുന്നു. ചെറിയരീതിയിലുള്ള നടുവേദന അനുഭവിക്കുന്നവർക്കിടയിലാണ് ഗവേഷക സംഘം പഠനം നടത്തിയത്. ശരിയായ രീതിയിൽ കാൽമുട്ടും കൈയും നിലത്തുകുത്തി സുജൂദ് ചെയ്യുമ്പോൾ ഇത്തരക്കാർക്ക് ആശ്വാസം ലഭിക്കുന്നുവെന്നാണ് ഗവേഷക സംഘത്തിന്റെ കണ്ടെത്തൽ. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് നടുവേദന പൂർണ്ണമായി മാറാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. മുസ്ലീംങ്ങളുടെ പ്രാർത്ഥനാ രീതിയായ നമസ്ക്കാരത്തിന് യോഗയുമായി സാമ്യമുണ്ടെന്നും ഗവേഷകർ പറയുന്നു. നടുവേദന കുറയ്ക്കാനുള്ള വ്യായാമങ്ങൾക്കും, യോഗാ തെറാപ്പിക്കും നമസ്ക്കാരവുമായി സാമ്യമുണ്ടെന്നാണ് ഗവേഷകരിൽ ഒരാളായ മുഹമ്മദ് ഖസാന്വേവ് അവകാശപ്പെടുന്നത്. ഒരു മുസ്ലീം മതവിശ്വാസി സുജൂദ് ചെയ്യുമ്പോൾ അയാളുടെ വിവിധ ഭാഗങ്ങളിലുള്ള വേദനകളിൽ നിന്ന് എത്രശതമാനം വരെ മുക്തി നേടുമെന്ന കണക്കുകളും ഗവേഷകർ പുറത്തുവിട്ടിട്ടുണ്ട്. ലോകത്താകമാനം 1.6 ബില്യൺ മുസ്ലീംങ്ങളാണ് ദിവസേന അഞ്ചുനേരവും നമസ്ക്കരിക്കുന്നത്.