അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് വീണ്ടും ഭാഗ്യം. തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവും മറ്റു അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിന് 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. ദുബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രം ഗള്‍ഫ് ന്യൂസിലെ ജീവനക്കാരനാണ് ജോര്‍ജ് മാത്യു. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. 175345 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ജോര്‍ജ്ജ് മാത്യൂവിനെ വിജയിയാക്കിയത്.
അജ്മാനില്‍ ജോലി നോക്കുകയാണ് ഇദ്ദേഹം. ഇന്നു രാവിലെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഇത് മൂന്നാം തവണയാണ് ഇത്രയും വലിയ തുക സമ്മാനമായി നല്‍കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. ഇതിന് മുന്‍പു നടന്ന രണ്ട് നറുക്കെടുപ്പിലും ഭാഗ്യവാന്മാര്‍ മലയാളികളായിരുന്നു. ജനുവരിയില്‍ നടന്ന ആദ്യ നറുക്കെടുപ്പില്‍ ആലപ്പുഴ സ്വദേശി ഹരികൃഷ്ണന് 20 കോടി രൂപ സമ്മാനം ലഭിച്ചു. ഏപ്രിലില്‍ നടന്ന രണ്ടാമത്തെ നറുക്കെടുപ്പില്‍ ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ജോണ്‍ വര്‍ഗീസിനും സമ്മാനം ലഭിച്ചു. ഇദ്ദേഹം മറ്റു മൂന്നുപേരോടൊപ്പമായിരുന്നു ടിക്കറ്റെടുത്തത്.
നറുക്കെടിപ്പില്‍ ജോര്‍ജ്ജിന് പുറമേ മലയാളികള്‍ ഉള്‍പ്പടെയുള്ള 6 ഇന്ത്യക്കാര്‍ക്കും സമ്മാനം ലഭിച്ചിട്ടുണ്ട്. സുള്‍ഫിക്കറലി പാലശ്ശേരിക്ക് ഒരു ലക്ഷം ദിര്‍ഹവും കൈതാരത്ത് ജോസഫ് ഫ്രാന്‍സിസിന് 80,000 ദിര്‍ഹവും അബ്ദുല്‍ സലീല്‍ ചിറക്കണ്ടത്തിലിന് 70,000 ദിര്‍ഹവും ഓമനക്കുട്ടന്‍ നാരായണന് അരലക്ഷം ദിര്‍ഹവുമാണ് ലഭിച്ചത്.