കണ്ണൂര്‍: നാട്ടില്‍ പെണ്ണ് കിട്ടാതായതോടെ പുത്തന്‍ ട്രന്‍ഡുമായി യുവാക്കള്‍ രംഗത്തിറങ്ങുന്നു. തങ്ങളുടെ പ്രൊഫൈലുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകയാണ് യുവാക്കള്‍. കഴിഞ്ഞദിവസം കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ ബിനോ ഔസേപ്പ് ഇറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് യുവാക്കള്‍ പുതിയ ട്രന്‍ഡുമായി ഇറങ്ങിയിരിക്കുന്നത്. ഗ്രെയിന്‍ഡര്‍ ഏജന്‍സിയും കണ്‍സ്ട്രഷന്‍ ജോലികളും നടത്തി വരുന്ന ബിനോ സിനിമകളില്‍ കോ പ്രൊഡ്യൂസറായും അഭിനേതാവായും പ്രവര്‍ത്തിച്ചുവരികയാണ്.
അടുത്തുതന്നെ ഒരു തമിഴ് സിനിമ ചെയ്യാനാനുള്ള ആലോചനയിലാണ് താനെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു. ഇതിനായാണ് മുടി നീട്ടി വളര്‍ത്തിയതെന്നും യുവാവ് പറയുന്നു. പിതാവ് നേരത്തെ മരിച്ച ബിനോയ്‌ക്കൊപ്പം മാതാവു മാത്രമാണ് ഉള്ളത്. ഒരു സഹോദരനും നാലു സഹോദരിമാരും ബിനോയ്ക്കുണ്ട്. ഇവരെല്ലാം വിവാഹിതരായി മാറി താമസിക്കുകയാണ്. ദൈവ വിശ്വാസവും നല്ല സ്വഭാവവും ഉള്ള അനുയോജ്യയായ പെണ്‍കുട്ടിയെയാണ് ബിനോ തേടുന്നത്. സാമാന്യം പൊക്കമുണ്ടായിരിക്കണം. അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടാകണമെന്നും വരുന്ന പെണ്‍കുട്ടിയെ സ്വതന്ത്ര ചിന്താഗതിക്ക് വിടുന്ന ആളാണ് താനെന്നും ബിനോ പറയുന്നു. ബുധനാഴ്ച രാത്രിയാണ് താന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്നും ഇതിനോടകം തന്നെ 1500 ഓളം ആലോചനകള്‍ തനിക്ക് വന്നതായും ഇതില്‍ ഏതാനും ആലോചനകള്‍ തനിക്ക് ഇഷ്ടപ്പെട്ടതായും മറ്റ് കാര്യങ്ങള്‍ പരിശോധിച്ച് തനിക്കിണങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്തുമെന്നും ബിനോ പറഞ്ഞു. വിവാഹം ആലോചിക്കുന്ന പെണ്ണ് കിട്ടാതെ വലയുന്ന യുവാക്കള്‍ക്ക് ഈ പുത്തന്‍ രീതി പരീക്ഷിക്കാവുന്നതാണ്.
https://youtu.be/hVFoXkuzOBQ