ബ്രസീല്‍ :ജയിലുകളില്‍ പ്രതികള്‍ക്ക് നേരിടേണ്ടി വന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ലോകം. ബ്രസീലിലെ ജയിലുകളില്‍ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും തടവുകാര്‍ക്ക് ഏല്‍ക്കേണ്ടി വന്ന ക്രുരമായ മര്‍ദനങ്ങളുടെയും പീഡനങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്ത് വന്നത്. 2014 -15 കാലഘട്ടത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടുത്തിടെയാണ് പുറം ലോകം കാണുന്നത്.ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോകത്തിന്റെ പല കോണുകളില്‍ നിന്നും ബ്രസീലിലെ ജയിലുകള്‍ക്കുള്ളില്‍ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് ദൃശ്യങ്ങളില്‍ പൊലീസിന്റെ പീഡനങ്ങള്‍ക്കിരയായതായി കാണപ്പെടുന്ന തടവുകാര്‍ ഇപ്പോള്‍ എവിടെയാണ് എന്നത് സംബന്ധിച്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ട്.സ്റ്റണ്‍ ഗണ്ണുകളുപയോഗിച്ച് തടവുകാരുടെ ശരീര ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുന്നതും ക്രൂരമായി മര്‍ദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ തുടര്‍ന്ന് മര്‍ദനത്തിന് നേതൃത്വം നല്‍കിയ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. മറ്റു പൊലീസുകാരുടെ പങ്കിനെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.ആ സമയം ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനാണ് ഇത്തരം പീഡനങ്ങള്‍ക്കെതിരെ മനം നൊന്ത് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് വെച്ചത്.