ലൈംഗികാരോപണം; ബ്രിട്ടനില്‍ മന്ത്രിമാരുടെ കൂട്ടരാജി

ബ്രിട്ടീഷ് രാഷ്ട്രീയത്തിന് തിരിച്ചടിയായി കത്തിപടരുന്ന ലൈംഗികാപവാദ കേസുകളില്‍ രാജ്യത്ത് മന്ത്രിമാരുടെ കൂട്ടരാജി. പ്രതിരോധ മന്ത്രി സര്‍ മൈക്കിള്‍ ഫാലനിനാണ് ഏറ്റവും ഒടുവില്‍ കസേര നഷ്ടമായത്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഫാലന്റെ രാജി. തെരേസ മേ മന്ത്രിസഭയുടെ കരുത്തനെ തന്നെ വീഴ്ത്തിയ ലൈംഗികാപവാദങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മന്ത്രിമാരുടെ രാജിക്കു വഴിവെച്ചേക്കും. സെക്രട്ടറിമാരും സഹപ്രവര്‍ത്തകരുമായ വെസ്റ്റ്മിനിസ്റ്ററിലെ സ്ത്രീകള്‍ക്കു നേരെ ചില എം.പിമാര്‍ ലൈംഗികാതിക്രമങ്ങള്‍ക്കു മുതിര്‍ന്നതിന്റെ കഥകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിമാരുടെയും പീഡനകഥകള്‍ വെളിച്ചത്തുവന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടതോടെയാണ് മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പ്രതിരോധത്തിലായത്. 2002ലെ കേസാണ് ഫാലനെ കുടുക്കിയത്. സംഭവത്തില്‍ ഫാലന്‍ ക്ഷമാപണം നടത്തിയെങ്കിലും രാജ്യത്ത് പ്രതിഷേധം രൂക്ഷമായിരുന്നു. സൈന്യത്തിന്റെ അന്തസിനും നിലവാരത്തിനും യോജിച്ച പ്രവര്‍ത്തിയല്ല തന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് സമ്മതിച്ചാണ് ഫാലന്‍ രാജി പ്രഖ്യാപിച്ചത്.

Top