ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍റെ പി​ന്‍​ഗാ​മി​സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെട്ടിരുന്ന കര്‍ദിനാള്‍ ഐവാന്‍ ഡയസ് കാലംചെയ്തു

റോം: ജോണ്‍ പോള്‍ രണ്ടാമന്‍റെ പിന്‍ഗാമിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന കര്‍ദിനാള്‍ ഐവാന്‍ ഡയസ് കാലംചെയ്തു.മുംബൈ ആര്‍ച്ച്‌ബിഷപ്പും സുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കല്‍ തിരുസംഘത്തിന്‍റെ പ്രീഫെക്ടും ആയിരുന്നു.റോമില്‍ ഇന്നലെ രാത്രി എട്ടിനായിരുന്നു അന്ത്യം .81 വയസായിരുന്നു.

ബോംബെയിലെ ബാന്ദ്രയില്‍ 1936 ഏപ്രില്‍ 14-നു ജനിച്ചു. കാര്‍ലോ ഡയസും മരിയയുമായിരുന്നു മാതാപിതാക്കള്‍. മഹാരാഷ്ട്ര ഗവണ്‍മെന്‍റില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു പിതാവ്. റിട്ടയേഡ് ലഫ്റ്റനന്‍റ് ജനറല്‍ ഫ്രാന്‍സിസ് ഡയസ് അടക്കം മൂന്നു സഹോദരങ്ങളുണ്ട്. 1958-ല്‍ കര്‍ദിനാള്‍ വലേറിയന്‍ ഗ്രേഷ്യസില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. പിന്നീടു പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. വത്തിക്കാന്‍റെ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിച്ച ഫാ. ഡയസ് 1964-ലെ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ മുംബൈ സന്ദര്‍ശനത്തിന്‍റെ ക്രമീകരണങ്ങളില്‍ മുഖ്യ പങ്കുവഹിച്ചു. 1965-73 കാലത്ത് ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, ഐസ്ലന്‍ഡ്, ഫിന്‍ലന്‍ഡ്, ഇന്തോനേഷ്യ, കൊമോറോസ്, മൗറീഷ്യസ് എന്നിവിടങ്ങളിലെ വത്തിക്കാന്‍ നയതന്ത്രകാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് 1982 വരെ വത്തിക്കാനില്‍ സോവ്യറ്റ് യൂണിയന്‍, കിഴക്കന്‍ യൂറോപ്പ്, ചൈന, തെക്കു കിഴക്കന്‍ ഏഷ്യ, ദക്ഷിണ-പൂര്‍വ ആഫ്രിക്ക എന്നിവ യ്ക്കുവേണ്ടിയുള്ള വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. 1982-ല്‍ ഘാനയിലും മറ്റു രണ്ടു രാജ്യങ്ങളിലും വത്തിക്കാന്‍ നുണ്‍ഷ്യോ ആയി നിയമിക്കപ്പെട്ട അദ്ദേഹം മെത്രാന്‍സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. പിന്നീട് കൊറിയയിലും അല്‍ബേനിയയിലും നുണ്‍ഷ്യോ ആയി. 1996-ല്‍ ബോംബെ ആര്‍ച്ച്‌ബിഷപ് ആയി ഇന്ത്യയിലേക്കു മടങ്ങി. 2001-ല്‍ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2005-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍റെ പിന്‍ഗാമിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരില്‍ കര്‍ദിനാള്‍ ഡയസുമുണ്ടെന്നു ടൈം വാരിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിറ്റേവര്‍ഷം അദ്ദേഹം ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്‍റെ പ്രീ ഫെക്ട് ആയി. ഇതേത്തുടര്‍ന്നു ബോംബെ ആര്‍ച്ച്‌ബിഷപ് സ്ഥാനത്തുനിന്നു വിരമിച്ചു. വത്തിക്കാനിലെ വിവിധ തിരുസംഘങ്ങളില്‍ അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Top