ചെഗുവേരയുടെ മകന്‍ ജീവിക്കുന്നത് എങ്ങനെ? ഇതാ ആ മകന്‍

ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന് അര നൂറ്റാണ്ട് തികയുമ്പോള്‍ മകന്‍ ഏണസ്‌റ്റോ ഗുവേര ക്യൂബയില്‍ തിരക്കിലാണ്. 52 കാരനായ ഏണസ്റ്റോ ഹവാനയില്‍ ടൂറിംഗ് കമ്പനി നടത്തിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ‘ലാ പൊഡെറോസ ടൂര്‍സ്’ എന്നാണ് ഏണസ്റ്റോയുടെ ടൂറിങ് കമ്പനിയുടെ പേര്. ചെ ലാറ്റിനമേരിക്കന്‍ പര്യടനം നടത്തിയ 500 സിസി നോര്‍ട്ടന്‍ ബൈക്കിന്റെ പേരാണ് ഏണസ്റ്റോ തന്റെ കമ്പനിയ്ക്ക് നല്‍കിയിരിക്കുന്നത്. ചെറുപ്പം മുതല്‍ താന്‍ ഇഷ്ടപ്പെട്ടത് മെക്കാനിക്കുകളേയും വേഗതയും മോട്ടോര്‍ബൈക്കുകളും കാറുകളുമാണെന്ന് ഏണസ്‌റ്റോ പറയുന്നു. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളാണ് ഏണസ്‌റ്റോ താന്‍ മേല്‍നോട്ടം വഹിക്കുന്ന യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. ലാ പൊഡെറോസ കമ്പനിയ്ക്ക് വിദേശ മൂലധന പങ്കാളിത്തവുമുണ്ട്. ക്യൂബന്‍ സര്‍ക്കാരിന്റെ പൊതുമേഖലാ കമ്പനികളും ഏണസ്റ്റോയുടെ സംരംഭത്തില്‍ പങ്കാളികളാണ്. വക്കീലായി പരിശീലനം നടത്തുകയായിരുന്ന ഏണസ്റ്റോ 2010ലാണ് ടൂറിങ് കമ്പനി ആരംഭിക്കുന്നത്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്വകാര്യകമ്പനികള്‍ക്ക് ഇളവ് നല്‍കിയതിനേത്തുടര്‍ന്നായിരുന്നു ഇത്. ചെയുടെ മകന്‍ നടത്തുന്നു എന്നുള്ളത് ലാ പൊഡെറോസ ടൂര്‍സ് തേടിയെത്തുന്നവരുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ താന്‍ ഇതുവരെ നേടിയതെല്ലാം സ്വന്തമായി ഉണ്ടാക്കിയതാണെന്ന് ഏണസ്‌റ്റോ പറയുന്നു. ചെയുടെ മകന്‍ മുതലാളിത്ത പാതയിലേക്ക് നീങ്ങിയെന്ന് തരത്തിലുള്ള രൂക്ഷ വിമര്‍ശനവും ഏണസ്റ്റോ നേരിടുന്നുണ്ട്. എന്നാല്‍ തന്റെ സംരംഭം സോഷ്യലിസ്റ്റ് ആണോ മുതലാളിത്തപരമാണോ എന്നതില്‍ കാര്യമില്ലെന്ന് ഏണസ്‌റ്റോ പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു ജോലിയാണ് ചെയ്യുന്നത്. അത് രാജ്യത്തെ സഹായിക്കുന്നതാണെന്നും ഏണസ്‌റ്റോ വ്യക്തമാക്കുന്നു. ക്യൂബന്‍ വിപ്ലവത്തിന് ശേഷം ജനകീയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പട്ടാളഭരണകാലത്തെ കുറ്റകൃത്യങ്ങള്‍ക്ക് ഡസന്‍ കണക്കിന് ആളുകളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. ചെ നേതൃത്വത്തിലായിരുന്നു വിചാരണ. വിചാരണയെയും ശിക്ഷാവിധിയേയും സ്വാഭാവികമെന്നാണ് ഏണസ്‌റ്റോ വിശേഷിപ്പിക്കുന്നത്.

അച്ഛനില്ലാതെ വളരുക എന്നത് അത്ര എളുപ്പമല്ലായിരുന്നെന്നും ഏണസ്റ്റോ പറയുന്നു. ഏണസ്‌റ്റോയക്ക് രണ്ട് വയസ് മാത്രമുള്ളപ്പോഴാണ് ബൊളീവിയയില്‍ വെച്ച് ചെ വധിക്കപ്പെടുന്നത്. തന്നെ സ്‌നേഹിക്കുന്നവര്‍ താനായിരിക്കുന്ന വ്യക്തിയെ ആണ് സ്‌നേഹിക്കേണ്ടതെന്നും ഗുവേര എന്ന പേരിനെ മാത്രം ആയിരിക്കരുതെന്നും ഏണസ്റ്റോ ധിക്കാരത്തോടെ പറയുന്നു. കാഴ്ച്ചയിലും രൂപത്തിലും പിതാവിനോട് നല്ല സാദൃശ്യമുള്ള ഏണസ്റ്റോ ചെ രണ്ടാമത് വിവാഹം കഴിച്ച അലെയ്ഡ മാര്‍ച്ചിലുണ്ടായ മകനാണ്. 1959ല്‍ ക്യൂബയില്‍ വെച്ചായിരുന്നു ഈ വിവാഹം. തന്റെ പേര് തന്നെയാണ് ചെ മകന് നല്‍കിയതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top