
മുംബൈ : 7 വയസ്സുകാരിയുടെ ശ്വാസകോശത്തില്‍ നിന്ന് എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് സംഭവം.ചിപ്ലുന്‍ സ്വദേശിയായ അരിബ ഖാന്‍ എന്ന കുരുന്നിന്റെ ശ്വാസകോശത്തില്‍ നിന്നാണ് എല്‍ഇഡി പുറത്തെടുത്തത്. ഡയമീറ്ററില്‍ രണ്ട് സെന്റീമീറ്റര്‍ നീളം വരും ഈ എല്‍ഇഡിക്ക്. മൊബൈലുമായി കളിക്കുന്നതിനിടെ എല്‍ഇഡി ബള്‍ബ് കുഞ്ഞിന്റെ വായിലാവുകയും പിന്നീട് ശ്വാസകോശത്തിലെത്തുകയുമായി രുന്നു. ഇത് അവിടെ തറച്ചുപോവുകയും ചെയ്തതോടെ കുട്ടിയില്‍ ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായി. പനിയും ചുമയും വിട്ടുമാറാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആദ്യ പരിശോധനയില്‍ കുട്ടിയുടെ യഥാര്‍ത്ഥ പ്രശ്‌നമെന്താണെന്ന് കണ്ടെത്താനായില്ല. പനിയ്ക്കും ചുമയ്ക്കുമുള്ള മരുന്ന് നല്‍കി ഡോക്ടര്‍ മാതാപിതാക്കളെ മടക്കുകയാണ് ചെയ്തത്. ഇതോടെ കുട്ടിയുടെ രോഗം ഒരാഴ്ച കഴിയുമ്പോഴേക്കും മൂര്‍ഛിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വാദിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് എക്‌സറെയെടുത്തപ്പോഴാണ് കുട്ടിയുടെ ശ്വാസകോശത്തില്‍ ഒരു വസ്തു തറഞ്ഞുകിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ബ്രോങ്കോസ്‌കോപ്പി ഉള്‍പ്പെടെയുള്ള ചികിത്സാ വിധികളും അണുബാധ തടയാനുള്ള മരുന്നുകളും നല്‍കി. തുടര്‍ന്ന് എല്‍ഇഡി ബള്‍ബ് ആണെന്ന് സ്ഥിരീകരിച്ചു. ശേഷം വിദഗ്ധ ചികിത്സയിലൂടെ അത് നീക്കം ചെയ്യുകയായിരുന്നു. കുഞ്ഞ് ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്.