യുഎസിലെ ടെക്സസിൽ മൂന്നു വയസുള്ള ഷെറിൻ മാത്യൂസിനെ കാണാതായ കേസിൽ മലയാളികളായ വളർത്തുമാതാപിതാക്കളിലേക്ക് സംശയമുന നീളുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ കാണാതായ കുഞ്ഞിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. എറണാകുളം സ്വദേശി വെസ്ലി മാത്യുവും ഭാര്യ സിനിയും രണ്ടു വർഷം മുന്പ് കേരളത്തിൽനിന്നു ദത്തെടുത്ത കുഞ്ഞിന് സംസാരിക്കാൻ പ്രശ്നമുണ്ടെന്നു പിന്നീടാണു കണ്ടെത്തിയത്. പോഷകാഹാരക്കുറവിനും ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി ഇടയ്ക്കിടെ കുഞ്ഞിനു പാലു കൊടുക്കണമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ പാലു കുടിക്കാൻ വിസമ്മതിച്ച കുഞ്ഞിനെ വെസ്ലി വീടിനു പുറത്തുള്ള മരത്തിനു ചുവട്ടിൽ നിർത്തി ശിക്ഷിച്ചു. മൂന്നുമണിക്കായിരുന്നിത്. 15 മിനിട്ടിനുശേഷം ചെന്നു നോക്കുന്പോൾ കുഞ്ഞിനെ കണ്ടില്ലെന്നാണ് അദ്ദേഹം പോലീസിനോടു പറഞ്ഞത്.
പുലർച്ചെ നാലിനും അഞ്ചിനും ഇടയ്ക്ക് വെസ്ലിയുടെ കാറുകളിലൊന്ന് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് റിച്ചാർഡ്സൺ നഗരത്തിലെ പോലീസ് കണ്ടെത്തിയിരിക്കുന്നത്. കാറിന്റെ സഞ്ചാരപഥം വ്യക്തമാകാൻ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുന്നു. കുഞ്ഞിനെ കാണാതായ അന്നുതന്നെ വെസ്ലിയെ അറസ്റ്റ് ചെയ്തെങ്കിലും രണ്ടര ലക്ഷം ഡോളറിന്റെ ജാമ്യത്തിൽ വിട്ടയച്ചു. കുഞ്ഞ് നഷ്ടപ്പെടുന്പോൾ ഉറക്കത്തിലായിരുന്ന ഭാര്യ സിനിക്കെതിരേ കേസെടുത്തിട്ടില്ല. ദന്പതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വിധത്തിലുള്ള റിപ്പോർട്ടുകൾ മുന്പു പുറത്തുവന്നിരുന്നു. ഇരുവരും വെവ്വേറെ അഭിഭാഷകരെ വച്ചിട്ടുണ്ട്. വെസ്ലിയും സിനിയും ഷെറിനെ വളരെയധികം സ്നേഹിച്ചിരുന്നുവെന്നാണ് ദന്പതികളുടെ അയൽക്കാരും ഇടവകസമൂഹവും പറഞ്ഞത്.