തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി രാജ്യത്തിനു പുറത്തേയ്ക്ക് വില്‍ക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നെന്ന് സൈബര്‍ ഡോം. മറ്റ് രാജ്യങ്ങളിലെ വെബ്സൈറ്റുകള്‍ക്കാണ് വില്‍ക്കുന്നത്. പകര്‍ത്തുന്ന ചിത്രങ്ങള്‍ ഡാര്‍ക് നെറ്റ് വഴി വില്‍ക്കുന്നതിനെക്കുറിച്ച് അന്വേഷണ ഏജന്‍സിയായ സൈബര്‍ ഡോമിന് തെളിവുലഭിച്ചു. ഇവയ്ക്ക് തടയിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സൈബര്‍ഡോം തുടക്കമിട്ടു.
ചൈന, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഡാര്‍ക്നെറ്റില്‍ പ്രവര്‍ത്തിക്കുന്ന ചില വെബ്സൈറ്റുകള്‍ സൈബര്‍ ഡോമിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സൈറ്റുകളില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയില്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള കുട്ടികളുടെ ചിത്രങ്ങളും കണ്ടെത്തിയത്. സൈബർ ഡോം പരിശോധനയിൽ കണ്ടെത്തിയ ചില ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ മലയാളം കലണ്ടർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതുസംബന്ധിച്ച കൂടുതൽ പരിശോധനകൾ നടത്തിയത്.
ഡാര്‍ക്നെറ്റിലുള്ള സൈറ്റുകളിലൂടെയുള്ള ചിത്രങ്ങളുടെയും വീഡിയോയുടെയും വില്‍പ്പന തടയാന്‍ വേണ്ടത്ര സംവിധാനങ്ങളില്ല. അതിനാലാണ് കാലിഫോര്‍ണിയ കേന്ദ്രമാക്കിപ്രവര്‍ത്തിക്കുന്ന ഒരു സൈബര്‍ സുരക്ഷാകമ്പനിയുമായി ചേര്‍ന്ന് ഇതിനുള്ള ടൂളുകള്‍ വികസിപ്പിക്കാന്‍ കേരളാ സൈബര്‍ഡോം തീരുമാനിച്ചത്.
കേരളവുമായി ബന്ധപ്പെടുത്തിയുള്ള തിരച്ചില്‍ വാക്കുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി അവ തടയാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി ലോകത്തിലെ വന്‍കിടകമ്പനികള്‍ക്ക് സൈബര്‍സുരക്ഷയൊരുക്കി വിജയിച്ചിട്ടുള്ള കമ്പനിയുടെ സേവനമാണ് സൈബര്‍ഡോം ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള ചിത്രങ്ങള്‍ എവിടെനിന്ന് പകര്‍ത്തിയതാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
സെര്‍ച്ച് എന്‍ജിനുകളുടെ പരിധിയില്‍ വരാത്ത, രഹസ്യ നെറ്റ്വര്‍ക്കുകള്‍. പ്രത്യേക സോഫ്റ്റ്വേറുകള്‍ വഴിയോ അക്കൗണ്ടുകള്‍ വഴിയോ മാത്രമേ ഇത്തരം ശൃംഖലയിലേക്ക് കടന്നുകയറാനാവൂ. ബിറ്റ്കോയിന്‍പോലുള്ള ക്രിപ്റ്റോ കറന്‍സിയാണ് ഡാര്‍ക്നെറ്റിലെ നാണയം. ഡാര്‍ക് നെറ്റിലെ വെബ്സൈറ്റുകളും പ്രസ്ഥാനങ്ങളും രഹസ്യമായാണ് പ്രവര്‍ത്തിക്കുന്നത്. അധോലോകപ്രവര്‍ത്തനം, ആയുധവ്യാപാരം, മയക്കുമരുന്ന് വില്‍പ്പന തുടങ്ങിയവയൊക്കെ ഡാര്‍ക് നെറ്റില്‍ നടക്കുന്നുണ്ട്.