ദില്ലി: ചൈനയെ മുഴുവന്‍ ചാരമാക്കാന്‍ ശേഷിയുള്ള ആണവ മിസൈല്‍ ഇന്ത്യ വികസിപ്പിക്കുന്നതായി അമേരിക്ക. ഇന്ത്യയുടെ ആണവായുധ പദ്ധതി ഇതുവരെ പരമ്പരാഗത ശത്രുക്കളായ പാക്കിസ്ഥാനെ ലക്ഷ്യമിട്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ചൈനയെ ലക്ഷ്യമിട്ടാണെന്നും അമേരിക്കന്‍ ആണവായുധ വിദഗ്ധര്‍ ആഫ്റ്റര്‍ മിഡ്‌നൈറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ജൂലൈ-ഓഗസ്റ്റ് മാസത്തെ പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് ചൈന മുഴുവന്‍ പരിധിയില്‍ വരുന്ന ആണവായുധ മിസൈല്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യ ഇപ്പോഴെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കന്നു.
150 മുതല്‍ 200 വരെ ആണവ പോര്‍മുനകള്‍ക്കാവശ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിച്ച ഇന്ത്യ ഇതുപയോഗിച്ച് ഇതുവരെ 120-130 ആണവായുധങ്ങള്‍ മാത്രമാണ് നിര്‍മിച്ചിരിക്കുന്നതെന്നും പ്ലൂട്ടോണിയം ശേഖരം പൂര്‍ണായും അണ്വായുധങ്ങളാക്കി ഇന്ത്യ മാറ്റിയിട്ടില്ലെന്നും യുഎസ് ആണവ ശാസ്ത്രജ്ഞരായ ഹന്‍സ് എം കിര്‍സ്റ്റെന്‍സന്‍, റോബര്‍ട്ട് എസ് നോറിസ് എന്നിവര്‍ ‘ഇന്ത്യന്‍ ന്യൂക്ലിയാര്‍ ഫോഴ്‌സസ് 2017’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
വിവിധ തരത്തിലുള്ള പുതിയ ആണവായുധ വ്യൂഹങ്ങള്‍ വികസിപ്പിച്ചെടുത്തുകൊണ്ട് ഇന്ത്യ അണ്വായുധശേഖരം ആധുനികവത്കരിക്കുകയാണ്. കരയില്‍ നിന്ന് തൊടുത്തു വിടാവുന്ന നാല് ബാലിസ്റ്റിക് മിസ്സൈലുകളും, കടലില്‍ നിന്ന് തൊടുത്തു വിടാവുന്ന ഒന്നും വായുവില്‍ നിന്ന് തൊടുക്കാവുന്ന രണ്ടും അടക്കം ഏഴ് അണ്വായുധ സന്നാഹങ്ങള്‍ ന്യൂഡല്‍ഹിയില്‍ സജ്ജമാണെന്നും ലേഖനത്തില്‍ പറയുന്നു. നാല് പുതിയ സന്നാഹങ്ങള്‍ വികസന ഘട്ടത്തിലാണ്. കരയില്‍ നിന്നും കടലില്‍ നിന്നു തൊടുത്തു വിടാവുന്ന ദീര്‍ഘദൂര ബാലിസ്റ്റിക് മിസ്സൈലുകള്‍ വിന്യസിക്കും. 120-130 ആണവ പോര്‍മുനകള്‍ ഇതിനായി ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
2000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഇന്ത്യയുടെ അഗ്നി-2 ന് പശ്ചിമ ദക്ഷിണ ചൈനയെയും മധ്യചൈനയെയും ലക്ഷ്യം വെക്കാനാവും എന്നും ലേഖനത്തില്‍ പറയുന്നു. ഷാങ്ഹായിയെയും ബെയ്ജിങ്ങിനെയും ലക്ഷ്യം വെക്കാന്‍ കഴിയുന്ന അഗ്നി-4 ഉം ഇന്ത്യയുടെ ശക്തിയായി ഉണ്ട്.5000 കിലോമീറ്റര്‍ സഞ്ചാര ശേഷിയുളള ഭൂഖണ്ഡാന്തര മിസ്സൈലായ അഗ്നി-5 ഇന്ത്യ വികസിപ്പിച്ചു വരികയാണെന്നും ലേഖനത്തില്‍ പറയുന്നു