
ന്യൂഡല്‍ഹി: കാശ്മീരില്‍ തീവ്രവാദി സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നെന്ന് റിപ്പോര്‍ട്ട്. അധികാരത്തിനായി പരസ്പരം അടികൂടുന്ന അവസ്ഥയിലേയ്ക്കാണ് പല സംഘങ്ങളും എത്തിയിരിക്കുന്നത്. ഹിസ്ബുല്‍ മുജാഹിദ്ദീന്റെയും അല്‍ഖ്വയിദയുടെയും ഐസിസിന്റെയും ഘടകങ്ങള്‍ അധിനിവേശ കാശ്മീരില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ പല കാരണങ്ങളാല്‍ ഇവര് തമ്മില്‍ പോര് തുടങ്ങിയിരിക്കുകയാണ്.
തീവ്രവാദ സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം മുറുകി പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിയത് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയ്ക്ക് തലവേദനയാകുന്നു. തീവ്രവാദ സംഘങ്ങളെക്കുറിച്ച് പരസ്പരം ഒറ്റുകൊടുക്കുന്ന നിലയിലേക്ക് കൂടി എത്തിയതോടെ അവസരം മുതലെടുത്ത് താഴ്വരയിലെ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ സൈന്യം നീക്കം തുടങ്ങിയതായാണ് അറിയുന്നത്.
സുരക്ഷാസൈന്യത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും എന്നാല്‍ വിഘടനവാദി നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തുകയും ചെയ്യുന്നത് ഹിസ്ബുല്‍ മുജാഹിദീനാണെന്നാണ് രഹസ്യവിവരം. ഇവര്‍ പാകിസ്ഥാന്‍ ഏജന്‍സികളുമായും രഹസ്യ ബന്ധം പുലര്‍ത്താറുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ തുടങ്ങിയാല്‍ തങ്ങളെയും അതില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇക്കൂട്ടരുടെ പ്രതീക്ഷ. പുല്‍വാമ ഭീകാരാക്രമണത്തിന് മറുപടിയായി ജെയ്ഷ് കേന്ദ്രങ്ങളില്‍ ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത് മൂലം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ പുതിയ ആളുകളെ കിട്ടാനില്ലാത്തതും ഇവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
കാശ്മീരില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനയാണ് ഹിസ്ബുല്‍ മുജാഹിദീന്‍. തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധം പ്രാദേശികമായി യുവാക്കളെ മറ്റ് ഭീകര സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നതാണ് ഹിസ്ബുലിനെ പ്രകോപിപ്പിക്കുന്നത്. ഐസിസിന്റെ കാശ്മീര്‍ ഘടകം, ലഷ്‌കറെ ത്വയിബ എന്നീ ഭീകരവാദ ഗ്രൂപ്പുകളുമായും ഹിസ്ബുല്‍ കലഹത്തിലാണ്. അടുത്തിടെ ഐസിസുമായി ഹിസ്ബുല്‍ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ ഐഎസിസ് ഭീകരനായ ആദില്‍ ദാസ് കൊല്ലപ്പെട്ടു. പരിക്കേറ്റ ഹിസ്ബുല്‍ ഭീകരന്‍ ആരിഫ് ഹുസൈന്‍ ഭട്ടിനെ സുരക്ഷാസേന പിടികൂടുകയും ചെയ്തു.
അതേസമയം, ജമ്മുകാശ്മീരിലെ ബുദ്ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച സൈന്യം ഒളിച്ചിരുന്ന ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് വിവരം.