
മെൽബൺ: കൊറോണയെ തലക്കാനുള്ള ശ്രമത്തിന്റെ വലിയൊരു സന്തോഷവാർത്ത !കൊവിഡിനെ തുരത്താൻ ഓസ്‌ട്രേലിയയിലൊരു മരുന്ന് പരീക്ഷണം. ലോകമെങ്ങും കിട്ടുന്ന ആന്റി പാരസൈറ്റിക് മരുന്നായ ഐവെർമെക്ടിന് കൊവിഡിനെതിരെ പ്രവർത്തിക്കാനാവുമെന്നാണ് ഓസ്‌ട്രേലിയയിൽ നടന്ന ലാബ് പരീക്ഷണത്തിൽ കണ്ടെത്തിയത്. കോശങ്ങളിലെ വൈറസ് വളർച്ച 48 മണിക്കൂറിനുള്ളിൽ പൂർണമായി ഇല്ലാതാക്കാനായെന്നാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള പരീക്ഷണഫലം തെളിയിച്ചത്.
കൊവിഡ് ചികിത്സയിൽ വഴിത്തിരിവാകാൻ പുതിയ കണ്ടെത്തലിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ മരുന്ന് ഉപയോഗിച്ചപ്പോൾ 48 മണിക്കൂറിനുള്ളിൽ കോശങ്ങളിൽ നിന്ന് വൈറൽ ഡി.എൻ.എ പൂർണമായി ഇല്ലാതാകുമെന്ന് കണ്ടെത്തിയതായി മൊണാഷ് സർവകലാശാലയിലെ കെയ്ലി വാഗ്സ്റ്റാഫിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ തന്നെ വൈറസിനെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ മരുന്നിന് കഴിഞ്ഞെന്നാണ് കണ്ടെത്തൽ.
ആന്റി പാരസൈറ്റിക് വിഭാഗത്തിൽപ്പെടുന്ന ഐവർമെക്ടിൻ ലോകമെമ്പാടും ഉപയോഗിക്കാൻ അനുമതിയുള്ളതും നിലവിൽ വിപണിയിലുള്ളതുമായ മരുന്നാണെന്നത് ശ്രദ്ധേയമാണ്. എച്ച്.ഐ.വി, ഡെങ്കി, ഇൻഫ്ളൂവെൻസ, സിക വൈറസുകൾക്കെതിരെയുള്ള ചികിത്സയിലും ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. കൊവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നതിനു മുൻപ് മനുഷ്യരിൽ പരീക്ഷിക്കേണ്ടതുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി.
പരക്കെ ഉപയോഗിക്കപ്പെടുന്നതും സുരക്ഷിതവുമായ മരുന്നാണ് ഐവർമെക്ടിൻ. എന്നാൽ മനുഷ്യരിൽ ഫലപ്രദമാകാൻ ഇത് എത്ര ഡോസ് ഉപയോഗിക്കേണ്ടി വരുമെന്നതിനെപ്പറ്റി പഠിക്കേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ആഗോളപകർച്ചവ്യാധി തടയാൻ നിലവിൽ ഫലപ്രദമായ മരുന്നില്ലാത്ത സാഹചര്യത്തിൽ നിലനിൽ ഉപയോഗത്തിലിരിക്കുന്ന മരുന്നിനെ സംബന്ധിച്ച കണ്ടെത്തൽ ഉപയോഗപ്രദമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ഐവർമെക്ടിൻ സാർസ് കോവ് 2 വൈറസിനെതിരെ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതു സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. മറ്റു വൈറസുകൾ ശരീരത്തെ ആക്രമിക്കുമ്പോൾ വൈറസിനെ തുരത്താനുള്ള കോശങ്ങളുടെ ശേഷി ഇല്ലാതാകുന്നത് തടയുകയാണ് ഐവർമെക്ടിൻ ചെയ്യുന്നത്. കൊവിഡ് 19 നെതിരെയും ഇങ്ങനെ തന്നെയായിരിക്കും ഈ മരുന്ന് പ്രവർത്തിക്കുക എന്നാണ് ഗവേഷകരുടെ അനുമാനം. മൃഗങ്ങളിലും മനുഷ്യരിലും നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ മരുന്ന് കൊവിഡ് 19 ചികിത്സയ്ക്ക് സഹായിക്കുമോ എന്ന കാര്യത്തിൽ ഉറപ്പ് വരിക.