
എടപ്പാളിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 54കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയും എടപ്പാൾ വട്ടംകുളം ചിറ്റഴിക്കുന്നിൽ താമസക്കാരനുമായ 54കാരനെയാണ് പൊന്നാനി സിഐയുടെയും ചങ്ങരംകുളം എസ്ഐയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഗർഭിണിയായ യുവതിയെ ദിവസങ്ങൾക്ക് മുൻപാണ് വട്ടംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതി വിവാഹം കഴിച്ചിട്ടില്ലെന്ന് മനസിലാക്കിയ ഡോക്ടർ, സംഭവത്തിൽ അസ്വഭാവികത തോന്നിയതിനാൽ പോലീസിൽ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരും കഴിഞ്ഞദിവസം ആശുപത്രിയിലെത്തി. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ ചൈൽഡ് ലൈൻ പ്രവർത്തകർ കേസെടുത്തില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഗർഭിണിയായ യുവതിയെ വട്ടംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി വിവാഹിതയാണെന്നാണ് ജീവനക്കാരും ഡോക്ടർമാരും വിചാരിച്ചത്. എന്നാൽ കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് യുവതി വിവാഹിതയല്ലെന്ന കാര്യം ഡോക്ടർമാർക്ക് മനസ്സിലായത്. വിവാഹിതയല്ലാത്ത യുവതി ഗർഭിണിയായ സംഭവത്തിൽ അസ്വഭാവികത തോന്നിയ ഡോക്ടർമാരാണ് പോലീസിനെ വിവരമറിയിച്ചത്.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം വനിതാ സിവിൽ പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ യുവതിയെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ച് പുറത്തറിയുന്നത്. ലഹരി വസ്തുക്കൾക്ക് അടിമയായ പിതാവ് കഴിഞ്ഞ മാർച്ച് മാസം മുതൽ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നാണ് യുവതി പോലീസിന് മൊഴി നൽകിയത്. മാസങ്ങളോളം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ പോലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ആദ്യമായി പീഡനത്തിനിരയാക്കിയ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 54കാരനായ പിതാവിനെ പൊന്നാനി സിഐയുടെ നിർദേശപ്രകാരം ചങ്ങരംകുളം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പോലീസ് പിടിയിലായ പ്രതിയെ കഴിഞ്ഞദിവസം പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.