ബുദ്ധനുണ്ടായിരുന്നുവെങ്കില്‍ റോഹിങ്ക്യകളെ രക്ഷിക്കുമായിരുന്നുവെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് ദലൈലാമയുടെ പ്രസ്താവന. ബുദ്ധ ഭഗവാന്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ന്യൂനപക്ഷ വിഭാഗങ്ങളെ സഹായിക്കുമായിരുന്നുവെന്നാണ് ദലൈലാമ ചൂണ്ടിക്കാണിച്ചത്. റോഹിങ്ക്യകള്‍ ഇത്തരത്തില്‍ ഉപദ്രവിക്കപ്പെടുന്ന സാഹചര്യത്തില്‍ ബുദ്ധനുണ്ടായിരുന്നുവെങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ സഹായിക്കുമായിരുന്നുവെന്നും പറഞ്ഞ ലാമ റോഹിങ്ക്യകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വളരെയധികം ദുഃഖമുണ്ടെന്നും വ്യക്തമാക്കി. മ്യാന്‍മറിലെ റാഖിനില്‍ വച്ച് റോഹിങ്ക്യന്‍ സായുധ വിഭാഗം ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് നിന്ന് ആക്രമണങ്ങള്‍ക്കിടെ മൂന്ന് ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ പലായനത്തിന് വഴിവെച്ചത്. ആഗസ്റ്റ് 25 നായിരുന്നു സംഭവം. സൈനിക പോസ്റ്റ് ആക്രമിച്ച സായുധ വിഭാഗത്തിന്‍റെ നടപടിയ്ക്ക് റോഹിങ്ക്യന്‍ ഗ്രാമങ്ങള്‍ ചുട്ടെരിച്ചാണ് മ്യാന്‍മര്‍ സൈന്യം മറുപടി നല്‍കിയത്. മ്യാന്‍മറിലെ റാഖിനില്‍ വച്ചുണ്ടായ സൈനിക നടപടിയില്‍ 400 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട റോഹിങ്ക്യകള്‍ തീവ്രവാദികളാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്ന മ്യാന്‍മര്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സമ്മര്‍ദ്ദം കണ്ടില്ലെന്ന് നടിയ്ക്കുകയാണ്.