
മുസാഫര്‍നഗര്‍: ദൈവത്തെ അപമാനിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. മൂന്ന് പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നില്‍. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. യുവാവിനെ അക്രമിക്കുകയും നിര്‍ബന്ധപൂര്‍വ്വം ‘ജയ് മാതാ ദി’ എന്ന് വിളിപ്പിക്കുകയും ചെയ്തു. സംഘത്തിലുള്ള ഒരാള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. ഇയാള്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുസാഫര്‍നഗര്‍ സ്വദേശിയായ 27കാരനെയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. ഹെല്‍മറ്റ് ധരിച്ച യുവാവിനെ നിലത്തിട്ട് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ പകര്‍ത്താനും അതിനെ വൈറലാക്കാനും കൂട്ടത്തിലുള്ള ആള്‍ ആവശ്യപ്പെടുന്നുണ്ട്. ‘ഞങ്ങള്‍ നിങ്ങളുടെ അംബേദ്കറെ വിമര്‍ശിക്കുന്നില്ല, പിന്നെന്തിനാണ് ഞങ്ങളുടെ ദൈവങ്ങളെ നിങ്ങള്‍ അപമാനിക്കുന്നത്’ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. അക്രമത്തിന് ഇരയായ യുവാവിനോടും കുടുംബത്തോടും സംസാരിച്ചെന്നും, സമീപ പ്രദേശങ്ങളിലുള്ളവരാണ് അക്രമത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകശ്രമം, ദളിത് അക്രമം, മനപൂര്‍വ്വം വിദ്വേഷം പടര്‍ത്താനുള്ള ശ്രമം, മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമം, തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.