വേണ്ടിവന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് രാജ്‌നാഥ്‌സിങ്…ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നതാണ് നിലവിലെ ഇന്ത്യയുടെ നയം. എന്നാൽ, സാഹചര്യങ്ങൾക്ക് അനുസരിച്ച് ഭാവിയിൽ നയം മാറാമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
പാകിസ്ഥാനുള്ള മുന്നറിയിപ്പായിട്ടാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യൻ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഒന്നാം ചമര വാർഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ പൊഖ്‍റാനിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1998ല്‍ വാജ്‍പേയ്‍ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പൊഖ്‌റാനില്‍ വച്ച് ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയത്.
പ്രത്യേക പദവി റദ്ദാക്കിയത് ഉൾപ്പടെയുള്ള വിഷയങ്ങളിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്. അതേസമയം, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പ് സമയത്തും ആണവായുധങ്ങൽ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വ്യക്തമായ സൂചനകൾ നൽകിയിരുന്നു.2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആണവായുധങ്ങൾ ഒരിക്കലും മറ്റ് രാജ്യങ്ങളെ അമർച്ച ചെയ്യുന്നതിന് വേണ്ടിയല്ലെന്നും രാജ്യത്തിന്റെ പ്രതിരേധത്തിനും സംരക്ഷണത്തിനും വേണ്ടിയാണെന്നുമാണ് മോദി പറഞ്ഞത്. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ, ഇന്ത്യയ്ക്കും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാൻ വച്ചിരിക്കുന്നതല്ലെന്നുമായിരുന്നു മോദി പറഞ്ഞിരുന്നത്.