യൂട്യൂബില്‍ നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. ഭര്‍ത്താവ് അറസ്റ്റില്‍. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണു അപകട കാരണം. ആരോഗ്യനില വഷളായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിരുപ്പൂര്‍ സ്വദേശിയായ കൃതിക(28) എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ രണ്ടാം പ്രസവം ആയിരുന്നു ഇത്. പ്രസവ സമയത്ത് യുവതിയുടെ അടുത്ത് ഭര്‍ത്താവും രണ്ട് സുഹൃത്തുക്കളുമായിരുന്നു ഉണ്ടായിരുന്നത്. ഇവരാരും ഇക്കാര്യത്തില്‍ അത്ര വൈദഗ്ധ്യം ഉണ്ടായിരുന്നവര്‍ അല്ല. യൂട്യൂബ് വീഡിയോ അനുസരിച്ച് യുവതിക്ക് വേണ്ട പരിചരണം നല്‍കുകയായിരുന്നു ഇവര്‍. പക്ഷേ പ്രസവശേഷം യുവതിയുടെ നില വഷളാവുകയും രക്ത സ്രാവം ഉണ്ടാവുകയുമായിരുന്നു ഉടന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല.
കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നു. 3.3കിലോ തൂക്കമുള്ള കുട്ടി ആശുപത്രിയില്‍ പരിചരണത്തിലാണ്. ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് യുവതി. ഭര്‍ത്താവ് കാര്‍ത്തികേയന്‍ നൈറ്റ് വെയര്‍ കമ്പനിയിലെ ജോലിക്കാരനാണ്. ആദ്യ പ്രസവത്തില്‍ ഇവര്‍ക്ക് 3 വയസ്സ് പ്രായമുളള മകള്‍ ഉണ്ട്. ആദ്യ പ്രസവം ആശുപത്രിയില്‍ ആയിരുന്നു എന്നാല്‍ രണ്ടാമത്തെ പ്രസവം വീട്ടില്‍ വച്ച് മതി എന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.