ഇന്ത്യന്‍ ഡോക്ടറെ പിന്‍തുടര്‍ന്ന് കൊലപ്പെടുത്തി; കുറ്റവാളി 21 കാരന്‍

ഇന്ത്യന്‍ ഡോക്ടറെ അമേരിക്കയില്‍ കുത്തിക്കൊന്നു. ഡോ. അച്യുത റെഡ്ഡിയെയാണ് (57) കന്‍സാസിലെ ക്ലിനിക്കില്‍ വച്ച് രോഗി കുത്തിക്കൊലപ്പെടുത്തിയത്. ഈസ്റ്റ് വിചിറ്റയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഡോക്ടറുടെ രോഗിയായ 21 കാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉമര്‍ റാഷിദ് ദത്ത് എന്നയാളാണ് സംഭവത്തില്‍ അറസ്റ്റിലായതെന്നാണ് പോലീസിനെ ഉദ്ധരിച്ച് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. ഡോക്ടറുമായി സംസാരിച്ചുകൊണ്ടിരിക്കെ തുടര്‍ച്ചായി കുത്തിപ്പരിക്കേല്‍പ്പിക്കുകായിരുന്നുവെന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഡോക്ടറെ പിന്‍തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. ‌ സംഭവത്തിന് ശേഷം ക്ലബ്ബിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ കാറിലിരുന്ന കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോളിസ്റ്റിക് സൈക്യാട്രിക് സര്‍വീസിന് പുറമേ സമീപത്തെ ആശുപത്രികളുടെ അംഗീകാരമുള്ള യോഗ- ഫിറ്റ്നസ് ട്രെയിനര്‍ കൂടിയാണ് ഡോ. റെഡ്ഡി. കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി കന്‍സാസില്‍ ക്ലിനിക്ക് നടത്തിവരുന്ന ഡ‍ോക്ടര്‍ 1986ലാണ് ഒസ്മാനിയ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം വിചിറ്റയിലെ യൂണിവേഴ്സിറ്റി ഓഫ് കന്‍സാസ് മെഡിക്കല്‍ സ്കൂളില്‍ നിന്ന് സൈക്യാട്രിയില്‍ റെസിഡന്‍സിയും പൂര്‍ത്തിയാക്കി. റെഡ്ഡിയുടെ ഭാര്യ ബീനയും ഡോക്ടറായി സേവനമനുഷ്ഠിച്ചുവരികയാണ്. കഴി‌ഞ്ഞ ഫെബ്രുവരിയില്‍ തെലങ്കാന സ്വദേശിയായ ശ്രീനിവാസ് കുച്ചിഭോട്ട്ലെയും യുഎസില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു.

Top