കറുത്ത സ്ത്രീയെ വെളുപ്പിക്കുന്ന പരസ്യം; ‘ഡോവ്’ മാപ്പ് പറഞ്ഞു

തങ്ങളുടെ ഉല്‍പന്നം വിറ്റഴിക്കാന്‍ വംശീയതയെ കൂട്ടുപിടിച്ച് കുടുക്കിലായത് അന്താരാഷ്ട്ര സൌന്ദര്യവര്‍ധക ഉല്‍പന്ന നിര്‍മാതാക്കളായ ഡോവ് ആണ്. ഡോവിന്റെ ബോഡി ലോഷന്റെ പരസ്യത്തിലാണ് കടുത്ത വംശീയതയേയും വര്‍ണവെറിയേയും കൂട്ടുപിടിച്ചിരിക്കുന്നത്. വംശീയ അധിക്ഷേപത്തിനെതിരെ നവമാധ്യമങ്ങളില്‍ അടക്കം കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഡോവിന് പരസ്യം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയേണ്ടി വന്നു. ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ച കറുത്ത വർഗക്കാരിയായ യുവതി അത് ഊരി മാറ്റുന്നതും അതിനടിയിൽ വെള്ള വസ്ത്രത്തിൽ വെളുത്ത വർഗക്കാരിയായ യുവതി പ്രത്യക്ഷപ്പെടുന്നതുമായിരുന്നു ഡോവിന്റെ പരസ്യം. ഡോവ് ഇത് പിൻവലിച്ചെങ്കിലും അമേരിക്കൻ മേക്കപ് ആർട്ടിസ്റ്റായ നവോമി ബ്ലാക്ക് അതിന്റെ സ്ക്രീൻ ഷോട്ട് അവരുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തതോടെ കടുത്ത ആക്രമണമാണ് പരസ്യത്തിനു നേരെ ഉയർന്നത്. ഒരു വെളുത്ത വർഗക്കാരി കറുത്തവളായി രൂപാന്തരം പ്രാപിക്കുന്ന പരസ്യമാണെങ്കിൽ അതിനെ ആളുകൾ എങ്ങനെ കാണുമെന്ന ചോദ്യമടക്കം വന്നു. dove തൊലി നിറത്തിന്റെ അടിസ്ഥാനത്തിൽ ആണ് അമേരിക്കൻ ജനത ആളുകളെ വിലയിരുത്തുന്നതെന്നും രാജ്യം സൗന്ദര്യമായി കാണുന്നതെന്തിനെയാണെന്ന് അതിൽ അടങ്ങിയിരിക്കുന്നുവെന്നും നവോമി പോസ്റ്റിൽ കുറിച്ചു. ഇതോടെ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് സ്ത്രീകളുടെ തൊലിനിറത്തെക്കുറിച്ചുള്ള തെറ്റായ ധാരണയുണ്ടാക്കാനിടയായതിൽ അഗാധമായി ഖേദിക്കുന്നു എന്ന് പറഞ്ഞ് ഡോവ് ട്വീറ്റ് ചെയ്യുകയായിരുന്നു.

Top