റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഒരാളെ ഇടിച്ചു വീഴ്ത്തിയിട്ടു നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നു പിടിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറിനെ ചേസ് ചെയ്ത് പിടിച്ച ആളാണ് ആ വീഡിയോ ഇത്രയും വൈറലാകാന്‍ കാരണം. വേറാരുമല്ല ക്രിസ്മസ് പാപ്പയാണ് താരം. ഡിസംബര്‍ 22ന് പാരീസിലായിരുന്നു സംഭവം. ക്രിസ്മസ് പാപ്പയുടെ വേഷത്തില്‍ ബൈക്കില്‍ നഗരം ചുറ്റുകയായിരുന്നു ക്രിസ്. ആ സമയം വഴിയാത്രികനെ ഇടിച്ചു വീഴ്ത്തിയതിനു ശേഷം കടന്നുകളയാന്‍ ശ്രമിച്ച കാറിനെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. പാരീസിലെ ഒരു സിഗ്‌നല്‍ കടക്കുകയായിരുന്നു ക്രിസ്. ഈ സമയത്താണ് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ആളെ ഇടിച്ചിട്ട് ഒരു കാര്‍ നിര്‍ത്താതെ പോയത്. സംഭവത്തിന്റെ വീഡിയോ ക്രിസിന്റെ ഹെല്‍മെറ്റ് ക്യാമറയില്‍ കൃത്യമായി പതിഞ്ഞു. അപകടം കണ്ട ക്രിസ് അപ്പോള്‍ തന്നെ കാറിനെ പിന്തുടരാന്‍ ആരംഭിച്ചു. രണ്ടുതവണ കാര്‍ തടഞ്ഞെങ്കിലും രണ്ടുതവണയും കാര്‍ ഓടിച്ചിരുന്ന യുവതി ക്രിസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. എങ്കിലും ക്രിസ് വിട്ടില്ല. വീണ്ടും കാറിനെ പിന്തുടര്‍ന്നു നിര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപകടകരമായ വേഗത്തില്‍ ഡ്രൈവര്‍ കാര്‍ പായിക്കുകയായിരുന്നു. ഒടുവില്‍ പൊലീസിന്റെ സഹായത്തോടെയാണ് വാഹനം ഓടിച്ചിരുന്ന സ്ത്രീയെ പിടികൂടിയത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീന്‍ തകര്‍ന്നിരുന്നു.
റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന വഴിയാത്രക്കാരനെ ഇടിച്ചിട്ട് കാര്‍ നിര്‍ത്താതെ പോയി; ഒടുവില്‍ കാറിനെ പിന്തുടര്‍ന്ന് പിടിച്ച് ക്രിസ്മസ് പാപ്പ…
Tags: car driver arrest