വിദ്യാര്‍ഥിനി സ്‌കൂള്‍ ബസ്സില്‍ ഉറങ്ങിപ്പോയി; ഡോര്‍ ലോക്ക് ചെയ്ത ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

സ്‌കൂള്‍ ബസ്സില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ഥിനിയെ ഡോര്‍ ലോക്ക് ചെയ്ത ശേഷം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അജ്മാനിലെ ലിവാറ ഏരിയയിലാണ് സംഭവം. ഞെട്ടിയുണര്‍ന്ന കുട്ടിയെ പക്ഷെ, ക്ലാസ്സിലെത്തിക്കുന്നതിന് പകരം ബസ്സില്‍ നിന്നിറങ്ങാനനുവദിക്കാതെ ഡ്രൈവര്‍ പൂട്ടിയിടുകയായിരുന്നു. അതിരാവിലെ സ്‌കൂളിലേക്ക് ബസ്സില്‍ കയറിയ ഏഷ്യന്‍ വിദ്യാര്‍ഥിനി ക്ഷീണം കാരണം സീറ്റില്‍ ഉറങ്ങിപ്പോവുകയായിരുന്നു. മറ്റുള്ള കുട്ടികളൊക്കെ സ്‌കൂളിലേക്ക് പോയെങ്കിലും കുട്ടി ഉറക്കം തുടരുകയായിരുന്നു. ഇതുകണ്ട ഡ്രൈവര്‍ കുട്ടിയുടെ അടുത്തെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഡ്രൈവറുടെ പീഡന ശ്രമത്തില്‍ ഞെട്ടിയുണര്‍ന്ന കുട്ടി സഹായത്തിനായി നിലവിളിച്ചെങ്കിലും ജനല്‍ ഗ്ലാസ്സുകളൊക്കെ അടച്ചിരുന്നതിനാല്‍ ശബ്ദം പുറത്തേക്കെത്തിയില്ല. കുട്ടിയെ സ്‌കൂളിലെത്തിക്കുന്നതിന് പകരം ഒന്നും അറിയാത്ത പോലെ ഇയാള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടി ഇറങ്ങി നടക്കുകയായിരുന്നു. പരിഭ്രാന്തയായി സ്‌കൂള്‍ ബസ്സിനകത്ത് നില്‍ക്കുന്ന കുട്ടിയെ വഴിയാത്രക്കാരന്‍ കണ്ടതാണ് രക്ഷയായത്. ഇയാള്‍ ഉടന്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. ഉടനെ സംഭവസ്ഥലത്ത് കുതിച്ചെത്തിയ പോലിസ് വഴിയാത്രികന്റെ സഹായത്തോടെ ബസ് കണ്ടെത്തി കുട്ടിയെ മോചിപ്പിച്ചു. ബസ്സിന്റെ ചില്ല് തകര്‍ത്താണ് പോലിസ് കുട്ടിയെ പുറത്തെടുത്തത്. അപ്പോഴേക്കും കുട്ടി ഭയന്ന് വിറക്കുന്നുണ്ടായിരുന്നു. ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തി. കുട്ടിയുടെ പേടി മാറ്റാന്‍ മനശാസ്ത്ര വിദഗ്ധന്റെ കൗണ്‍സലിംഗും ലഭ്യമാക്കി. ഇതിനിടെ, പോലിസ് നടത്തിയ അന്വേഷണത്തില്‍ ഏഷ്യന്‍ വംശജനായ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഒന്നുമറിയാത്ത പോലെ തന്റെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍ ഇരിക്കുകയായിരുന്നു ഇയാള്‍. പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടി വാഹനത്തിലുണ്ടായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. ഉറക്കമുണര്‍ന്ന കുട്ടിയെ ഇയാള്‍ സ്‌കൂളിലെത്തിക്കാതിരുന്നതിന്റെ കാരണം എന്താണെന്ന് പോലിസ് അന്വേഷിച്ചുവരികയാണ്. ഡ്രൈവര്‍ സ്‌കൂളിന്റെ സ്റ്റാഫില്‍ പെട്ടയാളല്ലെന്നും താല്‍ക്കാലിക ജീവനക്കാരനാണെന്നും സ്‌കൂളില്‍ നടത്തിയ അന്വേഷണത്തില്‍ പോലിസിന് ബോധ്യമായി. ബസ്സില്‍ കാമറ ഘടിപ്പിച്ചിട്ടില്ലായിരുന്നുവെന്നും പോലിസ് കണ്ടത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Top